അടുത്തിടെ അന്തരിച്ച ചിന്തകൻ ഹാബർമാസിനെ അനുസ്മരിക്കുകയാണ് ലേഖകൻ. ചരിത്രത്തെയും സമകാലിക യാഥാർഥ്യങ്ങളെയും പറ്റി സവിശേഷമായ ഉൾക്കാഴ്ചകളും നിലപാടുകളും മുന്നോട്ടുെവച്ച ഹാബർമാസ് പക്ഷേ, ഫലസ്തീൻ വിഷയത്തിലടക്കം ഇടറിവീണു. എന്തുകൊണ്ടാണ് അത്? എന്തായിരുന്നു ഹാബർമാസിന്റെ കാഴ്ചപ്പാടുകളിലെ ശരിതെറ്റുകൾ? 2002ൽ തന്റെ സ്നേഹിതന്മാരിൽ ഒരാൾ സംഘടിപ്പിച്ച പ്രഭാഷണത്തിനായി യൂഗെൻ ഹാബർമാസ് ജറൂസലമിൽ വരികയുണ്ടായി. പ്രഭാഷണാനന്തരം... അടുത്തിടെ അന്തരിച്ച ചിന്തകൻ ഹാബർമാസിനെ അനുസ്മരിക്കുകയാണ് ലേഖകൻ. ചരിത്രത്തെയും സമകാലിക യാഥാർഥ്യങ്ങളെയും പറ്റി സവിശേഷമായ ഉൾക്കാഴ്ചകളും നിലപാടുകളും മുന്നോട്ടുെവച്ച ഹാബർമാസ് പക്ഷേ, ഫലസ്തീൻ വിഷയത്തിലടക്കം ഇടറിവീണു. എന്തുകൊണ്ടാണ് അത്? എന്തായിരുന്നു ഹാബർമാസിന്റെ കാഴ്ചപ്പാടുകളിലെ ശരിതെറ്റുകൾ? 2002ൽ തന്റെ സ്നേഹിതന്മാരിൽ ഒരാൾ സംഘടിപ്പിച്ച പ്രഭാഷണത്തിനായി യൂഗെൻ ഹാബർമാസ് ജറൂസലമിൽ വരികയുണ്ടായി. പ്രഭാഷണാനന്തരം നടന്ന അത്താഴവിരുന്നിനിടയിൽ ഹാബർമാസിന്റെ പത്നി യൂട്ടെ വെസ്റ്റൽ ഹോഫ്ത് (Ute Wesselhoeft) ഒരു തമാശ പറഞ്ഞു. മഡ്രിഡിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ ഹാബർമാസിന് ക്ഷണം ലഭിച്ചു. അങ്ങോട്ടുള്ള യാത്രയിൽ മുൻകൂട്ടി തയാറാക്കിയ പ്രഭാഷണം വിമാനത്തിൽവെച്ച് അവസാന മിനുക്കലിനായി വായിക്കാനെടുക്കുകയുണ്ടായി. സെമിനാർ ഹാളിലെത്തിയ അദ്ദേഹം ബാഗ് തുറന്നപ്പോൾ തയാറാക്കിയ പ്രഭാഷണം അതിൽ കണ്ടില്ല. വിമാനത്തിലത് മറന്നുവെച്ചിട്ടാണദ്ദേഹം ഹാളിലെത്തിയത്. അങ്ങനെ ജീവിതത്തിലാദ്യമായി ഓർമയിൽനിന്നെടുത്ത് പ്രസംഗിക്കാൻ അദ്ദേഹം നിർബന്ധിതനായിത്തീർന്നു. ‘സത്യം പറഞ്ഞാൽ അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് ആദ്യമായി മനസ്സിലായ ഒരേയൊരു സന്ദർഭമായിരുന്നു അത്. ‘‘ഇതും പറഞ്ഞ് മന്ദഹസിച്ച ഊട്ടെ ഇത്രകൂടി കൂട്ടിച്ചേർത്തു. വല്ലാത്തൊരു കെട്ടിക്കുടുക്ക് പൊല്ലാപ്പ് തന്നെയാണ് കേട്ടോ എന്റെ ഭർത്താവ്.’’ ഈ കൊച്ചു സംഭവത്തിൽനിന്ന്, അത്രമാത്രം ദുർഗ്രഹമായിരുന്നോ ഹാബർമാസ് ചിന്തകളെന്ന ചോദ്യത്തോടെ ഈ ലേഖനം തുടങ്ങാം. സൈദ്ധാന്തികാടിത്തറകളിൽ ആഴത്തിലുള്ളൊരു ലിബറൽതന്നെയാണ് ഹാബർമാസ്. എന്നാൽ, ചില രാഷ്ട്രീയ നിലപാടുകളിൽ ഇപ്പറയുന്ന ഉദാരചിന്തയൊന്നും അദ്ദേഹത്തിൽ ഒട്ടും പ്രകടമല്ല എന്നും നമുക്ക് പറയേണ്ടിവരും. ‘കമ്യൂണിക്കേറ്റിവ് ആക്ഷൻ’ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ രണ്ടാം തലമുറയിലെ ഏറ്റവും തലയെടുപ്പുള്ള ചിന്തകനായിരുന്നു ഹാബർമാസ്. അദ്ദേഹത്തിന്റെ വിനിമയാധിഷ്ഠിത പ്രക്രിയ (Communicative Action) സിദ്ധാന്തങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നതിൽ സംശയമില്ല. ‘പ്രതീകാത്മക ഉദാരചിന്തകൾക്കു പകരം സംവാദാത്മക ഉദാര സാമൂഹികശാസ്ത്രം (ദിദ്ദലിബറലിയ്യർ റംസിയ്യ: ദഅ്വത്തുൻ ഇലാ ഇൽമി ഇജ്തിമാഇൻ തഹാവുറിയ്യിൻ’ -2025) എന്ന എന്റെ കൃതിയിൽ ജോൺ റോൾസിന്റെ (John Rowls) ചില ചിന്താപദ്ധതികളെ ഞാൻ വിമർശിക്കുകയുണ്ടായി. ലിബറൽ മൂല്യങ്ങൾ ദേശരാഷ്ട്രങ്ങളുടെ അതിർത്തികൾക്ക് പുറത്ത്, അല്ലെങ്കിൽ യൂറോപ്യൻ മണ്ഡലത്തിന് പുറത്ത് പ്രയോഗവത്കരിക്കപ്പെടാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി വിപുലമായ അർഥതലങ്ങളിൽ ചില ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ജോൺ റോൾസിന്റെ ആഗോള സാമൂഹികനീതി (Cosmic Social Justice) സങ്കൽപത്തിന് ദേശരാഷ്ട്രത്തിനകത്തല്ലാതെ പ്രസക്തിയില്ല. റോൾസിന്റെ മറ്റൊരു പതിപ്പാണ്. യൂഗെൻ ഹാബർമാസ്. രാഷ്ട്രീയ-നൈതിക മണ്ഡലങ്ങളിലെ ലിബറൽ ചിന്താഗതിക്കാർക്കിടയിൽ വശ്യമായ തിളക്കവും വ്യക്തിപ്രഭാവവുമുള്ള ചിന്തകനാണ് അദ്ദേഹം. ആശയവിനിമയ ജനാധിപത്യത്തിലും (Communicative Democracy) സംവാദാത്മകയുക്തിയിലും (Communicative Reason) ആദർശ സംഭാഷണ സാഹചര്യത്തിലും (Ideal Speech Situation) അദ്ദേഹം കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാൽ, ഫലസ്തീനികളുടെ ദേശ സ്വതന്ത്രാവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം വിക്കുന്നതായാണ് നാം കാണുന്നത്. ഫ്രാങ്ക് ഫർട്ടിലെ ഗോത്തെ (Goethe) യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള നോർമേറ്റിവ് ഓർഡേർഡ് റിസർച് സെന്ററിലെ ബുദ്ധിജീവികൾ ഗസ്സ കൂട്ടക്കൊല കാലത്ത് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഒപ്പുവെച്ചവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ട്. ഗസ്സയിൽ ഇസ്രായേൽ താണ്ഡവമാടിയ വംശീയോന്മൂലന നൃശംസതകളിൽ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇസ്രായേലിനോട് കടുത്ത പക്ഷപാതം പുലർത്തുന്ന പ്രസ്തുത പ്രസ്താവന നമ്മെ ഞെട്ടിക്കും. അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലിന്റെ കൊടുംക്രൂരതകളിൽ നിസ്സംഗനും നിർവികാരനുമായിരുന്നു ഹാബർമാസ്. രണ്ടാം ‘ഇൻതിഫാദ’യുടെ ആദ്യ നാളുകളിൽ ജറൂസലമിൽ ഒന്നിച്ച് അത്താഴമുണ്ട ഞങ്ങളുടെ പ്രഥമ കൂടിക്കാഴ്ച മുതലേ എനിക്ക് ബോധ്യപ്പെട്ട വസ്തുതയാണിത്. അദ്ദേഹത്തിന്റെ ആ വിചിത്രമായ നിലപാട് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു അന്ന്. ഫലസ്തീനികൾക്ക് അവരുടെ ദേശീയാവകാശങ്ങൾ നിരാകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്തുത നിലപാടിനെ അന്ന് എന്റെ ചില സ്നേഹിതന്മാർ കണ്ടപോലെ അവിചാരിതമായൊരു അബദ്ധമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല. ഹാബർമാസിനെ ഒരു വ്യക്തി എന്നനിലയിൽ കണ്ടുകൊണ്ടല്ല ഇപ്പറയുന്നത്. അദ്ദേഹത്തിന്റെ സമീപകാല പ്രതികരണങ്ങൾക്കുശേഷവും അദ്ദേഹത്തിന്റെ ആശയങ്ങളെയും വിനിമയാധിഷ്ഠിത സമീപനം (Communicative Action) തുടങ്ങിയ തത്ത്വങ്ങളെയും എങ്ങനെ പരിഗണിക്കണമെന്നത് പ്രസക്തംതന്നെയാണ്. ഇവിടെ ഒരു പ്രത്യേക രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട ചിന്തകളെയും അങ്ങനെ നേരിട്ടു ബന്ധപ്പെടാത്ത ചിന്തകളെയും വേറിട്ട് കാണാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ, ഫലസ്തീൻ പ്രശ്നത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് കാരണം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയെല്ലാം അപ്പാടെ ഞാൻ തള്ളിക്കളയുന്നില്ല. ഹാബർമാസ് ഭാര്യ യൂട്ടെ വെസ്റ്റൽ ഹോഫ്ത്തിനൊപ്പം മൂന്ന് വഴികൾ വൈരുധ്യാധിഷ്ഠിത ആശയവാദിയുടെ ഭാഗത്തുനിന്ന് ലിബറൽ മൂല്യങ്ങളുടെ പ്രയോഗവത്കരണത്തിലുണ്ടാകുന്ന വിടവ് മൂന്ന് രീതികളിൽ കൈകാര്യം ചെയ്യാമെന്ന് തോന്നുന്നു. അത്തരം സൈദ്ധാന്തികരുടെ വംശീയബന്ധമുള്ള ക്ലീബ ചിന്തകളെ അവഗണിക്കുക എന്നതാണ് ഒരു വഴി. അവരുടെ വിവാദപരമായ അഭിപ്രായങ്ങളെ ചിലർ വിമർശവിധേയമാക്കുമ്പോൾ മറ്റ് ചിലർ അവരുടെ സൃഷ്ടിപരമായ സംഭാവനകളിൽ ഊന്നുക എന്നതാണ് രണ്ടാമത്തെ വഴി. വൈജ്ഞാനിക-നൈതിക വീക്ഷണങ്ങൾക്ക് ചരിത്രപരമായ വികാസപരിണാമം അംഗീകരിച്ചുകൊണ്ടുള്ള സമീപനമാണ് മൂന്നാമത്തെ രീതി. ‘അപരത്വ’ത്തെ (Otherness) സംബന്ധിച്ച ഭാവനകൾ പല പരിണാമങ്ങളിലൂടെയാണ് ഇന്നത്തെ സങ്കൽപത്തിലെത്തിയിട്ടുള്ളത്. ഇന്ന് നാം നൈതികമെന്ന് സങ്കൽപിക്കുന്നത് നാളെ വംശീയമോ ഗർഹണീയമോ ആയിക്കൂടായ്കയില്ല. അതിനാൽ, ഹാബർമാസിന്റെ വിനിമയാധിഷ്ഠിത യുക്തിയെയും വിനിമയാധിഷ്ഠിത സമീപനത്തെയും (Communicative Action) സംബന്ധിച്ച സിദ്ധാന്തത്തെ ഗൗരവപൂർവം പരിഗണിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതേസമയം, ശൈഖ് സായിദ് അവാർഡ് നിരസിച്ച അദ്ദേഹത്തിന്റെ തത്ത്വാധിഷ്ഠിത നിലപാടിനെ ഹാർദമായി അഭിവാദ്യംചെയ്യാനും ഞാൻ മടിക്കുകയില്ല. ഫലസ്തീൻ വിഷയത്തിൽ അദ്ദേഹത്തിന്റെ സാമ്രാജ്യത്വപരമായ രാഷ്ട്രീയ നിലപാടിനെ പാടെ നിരാകരിക്കുമ്പോഴും ഈയൊരു നിലപാടാണ് ശരി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചില നിശ്ചിത പാറ്റേണുകളിലുള്ള ചിന്തകളെ നേർപ്പിച്ച് സ്വീകാര്യമാക്കുക എന്നല്ല ഇതിനർഥം. ഹെർബർട്ട് മാർക്യൂസ് (Herbert Marcuse -1898-1979) ഒഴികെ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ എല്ലാ ചിന്തകന്മാരും നാം ഇന്ന് ‘സൗത്ത് വേൾഡ്’ എന്ന് വിളിക്കുന്ന ധാരയുടെ നേരെ അന്ധരും ബധിരരുമായിരുന്നു. ആ അർഥത്തിൽ ഹാബർമാസിനെ ഫ്രാങ്ക്ഫർട്ട് സ്കൂളിനോട് കൂറുപുലർത്തിയ ഒരു ചിന്തകനായി കണ്ടാൽമതി. മാർട്ടിൻ ഹെഡ്ഗർ, മിഷേൽ ഫൂക്കോ, ഇമ്മാനുവൽ ലെവിനാസ്, ജോൺ ലൂക്ക്, ഇമ്മാനുവൽ കാന്റ്, ഡേവിഡ് ഹ്യൂം മുതൽ കാൾ മാർക്സ് വരെ എല്ലാവരും ഈ ധാരയിൽപെട്ടവർ തന്നെ. ഇക്കാലത്തെ രാഷ്ട്രീയ ധുരന്ധരന്മാരിലേക്കും പ്രഖ്യാത ചരിത്രവ്യക്തിത്വങ്ങളിലേക്കും ഈ പട്ടിക വലിച്ചുനീട്ടാവുന്നതാണ്. അവരുടെ സംഭാവനകളെ ആഘോഷിക്കുന്ന അതേ നിമിഷംതന്നെ സ്വന്തം സമൂഹങ്ങളോട് അവർ ചെയ്ത ദ്രോഹങ്ങളും തെറ്റുകളും നമുക്ക് വിമർശിക്കേണ്ടി വരും. വിശിഷ്യാ അവരുടെ സാമ്രാജ്യത്വ പൈതൃകത്തെ. ഇപ്പറഞ്ഞതിന്റെ ഉത്തമോദാഹരണമാണ് ആംസ്റ്റർഡാമിലെ ദേശീയ സുകുമാരകലാ മ്യൂസിയത്തിലെ പടങ്ങൾ. അവിടത്തെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ഓരോ ചരിത്രപുരുഷന്മാരുടെ പടത്തിനു പിന്നിലും അടിമവ്യാപാരത്തിൽ അവർ വഹിച്ച പങ്കിനെക്കുറിച്ച കഥകളുണ്ട്. എന്നാൽ, അത്തരം പടങ്ങളും പ്രതിമകളും അവിടെനിന്ന് നീക്കണമെന്ന ആഹ്വാനത്തേക്കാൾ എനിക്ക് പരിഗണനീയം ആ വ്യക്തിത്വങ്ങളുടെ വൈവിധ്യമാർന്ന സംഭാവനകളാണ്. എഡിൻബറ യൂനിവേഴ്സിറ്റിയിലെ ഡേവിഡ് ഹ്യൂം ഭവനിൽനിന്ന് അദ്ദേഹത്തിന്റെ പേർ നീക്കംചെയ്യാൻ മുമ്പൊരിക്കൽ ശ്രമംനടന്നതാണ്. 1952ൽ എഡിൻബറയിൽ പഠിച്ചു പുറത്തിറങ്ങിയ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായ താൻസനിയൻ നേതാവ് ജൂലിയസ് നരേരെയെ ആദരിച്ചുകൊണ്ട് ഹ്യൂമിന് പകരം അദ്ദേഹത്തിന്റെ പേര് പ്രതിഷ്ഠിക്കാനായിരുന്നു ആദ്യ നിർദേശം. പക്ഷേ, നരേരെയുടെ ഏകാധിപത്യ പ്രവണതകളെയും ബഹുകക്ഷി വ്യവസ്ഥയോടുള്ള നീരസവും ചൂണ്ടിക്കാട്ടി തടസ്സം പറയാൻ ചിലരുണ്ടായി. അപ്പോൾ എന്താണ് ചെയ്യുക? ഇതേപോലെത്തന്നെ അൽജീരിയയിൽ ഫ്രഞ്ച് കൊളോണിയലിസത്തെ സംബന്ധിച്ച് പൂർണ നിശ്ശബ്ദത പാലിച്ച ഫ്രഞ്ച് സോഷ്യോളജിസ്റ്റ് ഇമെൽ ദുർഖേമിന് പകരം ഹാർവാഡ് ൽനിന്ന് ആഫ്രിക്കൻ അമേരിക്കരിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഡു ബോയ്സിനെ (W.E.B Du Bois) സിലബസിൽ ഉൾപ്പെടുത്താൻ ഒരു അറബ് സോഷ്യോളജി പ്രഫസർ ഒരിക്കൽ നിർദേശിച്ചതോർക്കുന്നു. ഫ്രഞ്ച് സോഷ്യോളജിയുടെ പിതാവായ ദുർഖേമിനെ അറിയാത്ത ഏതെങ്കിലും സോഷ്യോളജി വിദ്യാർഥിയെ ഭാവനചെയ്യാൻ ആർക്കെങ്കിലും സാധിക്കുമോ? ഡു ബോയ്സ് ഫലസ്തീൻ ജനതയുടെ പീഡനങ്ങളുടെ നേരെ അജ്ഞത നടിക്കുകയും ഇസ്രായേൽ രാഷ്ട്രസംസ്ഥാപനത്തെ അഭിനന്ദിക്കുകയും ചെയ്താൽ നമുക്കെന്ത് ചെയ്യാനാകും? മാലാഖ-പിശാച്, കുറ്റവാളി-നിരപരാധി എന്നിങ്ങനെ രണ്ട് വിപരീത ദ്വന്ദ്വങ്ങളിൽ കറങ്ങിക്കൊണ്ടിരുന്നാൽ ഏതറ്റംവരെയാണ് നമുക്ക് മുന്നോട്ടുപോകാൻ സാധിക്കുക? ഇതിനൊരു അറുതിവേണമെങ്കിൽ നേരത്തേ പരാമർശിച്ച മൂന്ന് വഴികളിലൊന്ന് സ്വീകരിക്കയേ നിർവാഹമുള്ളൂ. ചുരുക്കി പറഞ്ഞാൽ, യൂറോ-അമേരിക്കൻ ജ്ഞാനോൽപാദനത്തോട് ദേബേശ് ചക്രവർത്തി സ്വീകരിച്ച സമീപനം സ്വീകരിക്കുകയാണ് നമുക്കും കരണീയം. യൂറോപ്യൻ ജ്ഞാനപദ്ധതിക്ക് പൂർണത കൽപിക്കാതെ ഒരു അനിവാര്യതയായി അതിനെ കാണുക. യൂറോപ്പിനെ എല്ലാ ലോകത്തിനുമുള്ള അളവുകോലായി കാണാതെ ഏതെങ്കിലും പ്രദേശത്തിന്റെ ചരിത്രത്തിൽ ഒതുക്കുക (Provincializing Europe) എന്ന ദേബേശ് ചക്രവർത്തിയുടെ പരികൽപനയുടെ ഉദ്ദേശ്യം അതാണ്. അങ്ങനെ അതിന്റെ ആഗോള മാനത്തെ ന്യൂനീകരിക്കുക. ചില ഗവേഷകരുടെ ഗസ്സാനന്തര നിലപാടുകളെ നമുക്ക് ചോദ്യംചെയ്യാം; രണ്ടാം ലോകയുദ്ധാനന്തരം ജ്ഞാനപദ്ധതികൾ ആവിഷ്കരിക്കുകയും പഠിക്കുകയും ചെയ്തവരുടെ നിലപാടുകളിലെ പൊരുത്തക്കേടിനെപ്പറ്റിത്തന്നെ ചോദ്യം ചെയ്യാവുന്നതാണ്. എന്നാൽ, ഈ വൈരുധ്യങ്ങളുടെ ഫലമായി ആഗോളതലത്തിലുള്ള മനുഷ്യാവകാശങ്ങളെയും ആധുനികതയെയും വലിച്ചെറിയാനുള്ള പോപ്പുലിസ്റ്റ് പ്രവണതകളെക്കുറിച്ച് തീർച്ചയായും എനിക്ക് ആശങ്കയുണ്ട്. അതേസമയം, ഗാർഹികപീഡനത്തിനും മധ്യപൗരസ്ത്യദേശത്തെ സ്ത്രീപീഡനത്തിനുമെതിരെ സഹായഹസ്തവുമായി വരുന്ന ഓരോ പടിഞ്ഞാറുകാരനെയും ഒരുകാര്യം ഞാൻ ഓർമപ്പെടുത്തും; അവർ അതിനുംമുമ്പേ സഹായത്തിനെത്തേണ്ടത് ഗസ്സയിലെ സാധാരണ അമ്മമാരെ കൂട്ടക്കൊലചെയ്യുന്ന ഇസ്രായേലിനെതിരെയാണ്. ആഗോള ദക്ഷിണയിലെ (Global South) മനുഷ്യാവകാശ സംഘടനകൾക്ക് ധനസഹായം ചെയ്യുന്ന ഫ്രഞ്ച്-ബ്രിട്ടീഷ്-അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തെയാണ് സവിശേഷമായും ഞാനിവിടെ ഉദ്ദേശിക്കുന്നത്. അതിനാൽ, ഇനിയങ്ങോട്ട്, യൂറോപ്യൻ മനുഷ്യാവകാശ ആക്ടിവിസ്റ്റുകളേക്കാൾ എന്റെ പരിഗണന ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും യാതനാനിർഭരമായ മനുഷ്യാവസ്ഥകളോട് ഉയർന്നതോതിൽ പ്രതികരണശേഷി പ്രകടിപ്പിക്കുന്ന കർമോന്മാദികൾക്കാണ്. ഗാൾഹികപീഡനങ്ങൾ പോലെത്തന്നെ പ്രധാനമാണ് ലാറ്റിനമേരിക്കക്കാരും ആഫ്രിക്കക്കാരും ഏറ്റെടുത്ത ഈ ദുരിതാശ്വാസ ദൗത്യം. ലോക മനുഷ്യാവകാശ പ്രഖ്യാപനത്തെ യൂറോ അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്തിക്കൊണ്ടല്ലാതെ ഈ അവകാശങ്ങളുടെ ആഗോള സ്വഭാവം നിലനിർത്താൻ നമുക്ക് സാധിക്കുകയില്ല. (അൽ അറബി അൽ ജദീദ് 2026 മാർച്ച് 22) മൊഴിമാറ്റം: വി.എ. കബീർ ============================= ഫലസ്തീനി അക്കാദമിഷ്യനായ ലേഖകൻ ബൈറൂതിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ സാമൂഹികശാസ്ത്ര പ്രഫസറാണ്.

