നെടുമ്പാശ്ശേരി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശികൾ കൂടി മടങ്ങിയതോടെ നിർമാണ-ഹോട്ടൽ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ഈ മാസം 23, 29 തീയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. പൗരത്വ പ്രശ്നത്തിന്റെ പേരിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയന്നാണ് ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നത്. ഷാലിമാർ എക്സ്പ്രസിൽ ഞെങ്ങിഞെരുങ്ങിയാണ് യാത്ര. ചൂട് കൂടിയതോടെ പലർക്കും യാത്രക്കിടയിൽ അസ്വസ്ഥതയുമുണ്ടാകുന്നു. അസം തെരത്തെടുപ്പ് ഏപ്രിൽ ഒമ്പതിന് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരിലേറെയും തിരിച്ചെത്തിയിട്ടില്ല. അസം സ്വദേശികളാണ് ഹോട്ടൽ മേഖലയിൽ കൂടുതലുള്ളത്. പലരും മേയ് അവസാനത്തോടെ മാത്രമേ മടങ്ങിവരാനിടയുള്ളൂവെന്നാണ് ഇതര സംസ്ഥാനക്കാരെ സംഘടിപ്പിച്ചു നൽകുന്ന ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. മധ്യപ്രദേശ്, യു.പി, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും പുതുതായി കൂടുതൽ പേർ എത്തിച്ചേരുന്നുണ്ട്. ബംഗാൾ, അസം സ്വദേശികളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന അങ്കമാലി-എടയാർ-എരുമത്തല മേഖലയിലെ നിരവധി ചെറുകിട കമ്പനികൾ ഇപ്പോൾ ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്.

ബംഗാൾ സ്വദേശികൾ കൂടി മടങ്ങി: നിർമാണ, ഹോട്ടൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷം
M
MadhyamamSource Link
20 days ago