മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ സാഹചര്യങ്ങളിൽ രാജ്യത്തെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിനിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ചത് പ്രവാസികളടക്കം 60,000ത്തിലധികം പേർ. നാഷനൽ വളന്റിയറിങ് പ്ലാറ്റ്‌ഫോം വഴിയാണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരിൽ ഒരു വിഭാഗം ഇതിനോടകംതന്നെ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവരെയാണ് ആദ്യഘട്ടത്തിൽ നിയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ള സന്നദ്ധപ്രവർത്തകരെ അതത് അതോറിറ്റികളുടെ ആവശ്യകതയും അവരുടെ പ്രാവീണ്യവും പരിഗണിച്ച് വരുംദിവസങ്ങളിൽ ഘട്ടം ഘട്ടമായി വിന്യസിക്കും. ആരോഗ്യ സേവനം, എൻജിനീയറിങ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, മോണിറ്ററിങ് തുടങ്ങി വിവിധ മേഖലകളിലാണ് സന്നദ്ധപ്രവർത്തകർ സേവനം അനുഷ്ഠിക്കുന്നത്. ഷെൽട്ടർ സെന്‍ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, നാശനഷ്ടങ്ങൾ സംഭവിച്ച ഇടങ്ങളിൽ സഹായമെത്തിക്കുക, സിത്രയിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, പ്രായമായവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിനും മറ്റും പിന്തുണ നൽകുക എന്നിവയാണ് നിലവിലെ പ്രധാന ചുമതലകൾ. അപേക്ഷകരുടെ വൈദഗ്ധ്യവും അനുഭവപരിചയവും പരിശോധിച്ച ശേഷമാണ് ഓരോരുത്തർക്കും അനുയോജ്യമായ ജോലികൾ നൽകുന്നത്. വരുംഘട്ടങ്ങളിൽ കൂടുതൽ സന്നദ്ധപ്രവർത്തകരെ പ്ലാറ്റ്‌ഫോം വഴി അധികൃതർ ബന്ധപ്പെടും. ബഹ്‌റൈനിലെ പൗരന്മാരും പ്രവാസികളും ഒരേപോലെ ഈ ദൗത്യത്തിൽ പങ്കുചേരുന്നത് രാജ്യത്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. ഏത് വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ ഈ കൂട്ടായ്മ രാജ്യത്തിന് കരുത്തേകുന്നു.

ബഹ്റൈനിൽ ദേശീയ സന്നദ്ധസേവനത്തിന് രജിസ്റ്റർ ചെയ്ത് പ്രവാസികളടക്കം 60,000ത്തിലധികം പേർ
M
MadhyamamSource Link
about 2 months ago