മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം മുൻനിർത്തി ഏപ്രിൽ മാസത്തിൽ നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ, സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോർമുല 1, ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ), പ്രാദേശിക സംഘാടകർ എന്നിവർ ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം. ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കൊപ്പം നിശ്ചയിച്ചിരുന്ന ഫോർമുല 2, ഫോർമുല 3, എഫ് 1 അക്കാദമി റൗണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഈ മത്സരങ്ങൾക്ക് പകരം മറ്റ് വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കേണ്ടതില്ലെന്നും അധികൃതർ തീരുമാനിച്ചു. ഇത് പ്രയാസകരമായ തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷക്കും സമാധാനത്തിനുമാണ് പ്രഥമ പരിഗണനയെന്നും ഫോർമുല 1 സി.ഇ.ഒ സ്റ്റിഫാനോ ഡൊമെനിക്കാലി പറഞ്ഞു. കായിക ആസ്വാദകരുടെ സുരക്ഷക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നതായും എഫ്.ഐ.എ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സുലൈമും വ്യക്തമാക്കി.

ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ റദ്ദാക്കി
M
MadhyamamSource Link
about 2 months ago