മുംബൈ: ബാങ്കോക്കിൽനിന്ന് കടത്തുകയായിരുന്ന കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നുമായി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. ഹരിയാന സിർസ സ്വദേശിയായ ബസന്ത് സിങ് (29) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് ഏകദേശം 9 കോടി രൂപ വിലമതിക്കുന്ന 8.99 കിലോ വീര്യം കൂടിയ 'ഹൈഡ്രോപോണിക് കഞ്ചാവ്' ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നാണ് ഇയാൾ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ട്രോളി ബാഗിനുള്ളിൽ വസ്ത്രങ്ങൾക്കും ഭക്ഷണപ്പൊതികൾക്കും ഇടയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വസ്ത്രങ്ങൾ നീക്കം ചെയ്തപ്പോൾ ഒമ്പത് പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. പാക്കറ്റുകൾ മുറിച്ചു പരിശോധിച്ചപ്പോൾ കടും പച്ചനിറത്തിലുള്ള ഉണങ്ങിയ ഇലകൾ കണ്ടെത്തി. ഇതിൽ നിന്ന് രൂക്ഷമായ ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. 8994 ഗ്രാം തൂക്കം വരുന്ന ഈ ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 9 കോടി രൂപയോളം വിലവരും. ലഹരിമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ബാങ്കോക്കിൽനിന്ന് ആരാണ് ഇത് നൽകിയതെന്നും മുംബൈയിൽ ആർക്കാണ് ഇത് എത്തിച്ചു നൽകേണ്ടിയിരുന്നതെന്നും കണ്ടെത്താൻ കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ബാങ്കോക്കിൽ നിന്ന് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്തി; മുംബൈയിൽ കോടികളുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യുവാവ് പിടിയിൽ
M
MadhyamamSource Link
21 days ago