ബിഹാറിൽ വിവരാവകാശ കമ്മീഷനുമുമ്പാകെ കെട്ടികിടക്കുന്നത് 2,800ലധികം അപേക്ഷകൾ;  വിശദീകരണം തേടി പാറ്റ്ന ഹൈകോടതി

ബിഹാറിൽ വിവരാവകാശ കമ്മീഷനുമുമ്പാകെ കെട്ടികിടക്കുന്നത് 2,800ലധികം അപേക്ഷകൾ; വിശദീകരണം തേടി പാറ്റ്ന ഹൈകോടതി

പാറ്റ്ന: ബീഹാറി ൽ വിവരാകാശ കമ്മീഷനുമുമ്പാകെ 28,000-ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി പാറ്റ്ന ഹൈക്കോടതി. 2005 ലെ വിവരാവകാശ നിയമ പ്രകാരം ആദ്യത്തെ അപേക്ഷ 45 ദിവസത്തിനുള്ളിലും രണ്ടാമത്തേത് 90 ദിവസത്തിനുള്ളിലും തീർപ്പാക്കേണ്ടതാണ്. ചീഫ് ജസ്റ്റിസ് സംഗം കുമാർ സാഹു, ജസ്റ്റിസ് ഹരീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഏപ്രിൽ 16-ന് പൊതുതാത്പര്യ ഹരജി പരിഗണിക്കവെ ഉത്തരവിട്ടത്. ഇതിന്‍റെ ഭാഗമായി 2024 ഡിസംബർ വരെയുള്ള കാലയളവിൽ 28,291 ഓളം രണ്ടാമത്തെ അപേക്ഷകൾ വിവരാവകാശ കമ്മീഷന്റെ മുമ്പാകെ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് ജൂൺ 18ന് പരിഗണിക്കും. സമാനമായ ഒരു വിഷയം സുപ്രീം കോടതി യുടെ പരിഗണനയിലുമുണ്ട്. അതേ സമയം 30,000ഓളം അപേക്ഷകൾ വിവരാവകാശ കമ്മീഷനുമുമ്പാകെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ ബീഹാർ സർക്കാറിനോട് സുപ്രീം കോടതി നിർദേശിച്ചു. ഏപ്രിൽ 28ന് നടക്കുന്ന അടുത്ത ഹിയറിംഗിന് മുൻപായി ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടൊപ്പം സുപ്രീം കോടതിയിലെ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു. ബീഹാറിൽ ചീഫ് വിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കുമായി ആകെ നാല് തസ്തികകളാണുള്ളത്. ഇതിൽ ഒഴിവുള്ള ഒരു തസ്തിക നികത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ നൂറോളം അപേക്ഷകൾ താന്‍ സമർപ്പിച്ചതാണെന്ന് വിവരാവകാശ പ്രവർത്തകനായ അമരേന്ദ്ര കുമാർ അറിയിച്ചു. ഇതിൽ പലതും അഴിമതിയുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയങ്ങളാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കുക, വിവരാവകാശ നിയമപ്രകാരം മൂന്നോ അതിലധികമോ തവണ പിഴ ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ സർവീസ് റെക്കോർഡിൽ പ്രതികൂല പരാമർശങ്ങൾ രേഖപ്പെടുത്താൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, മതിയായ കാരണങ്ങളില്ലാതെ 100 ദിവസത്തിൽ കൂടുതൽ വിവരങ്ങൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് 25,000 രൂപ നിർബന്ധിത പിഴ ചുമത്തുക, വിവരങ്ങൾ ലഭിക്കാൻ വൈകുന്നത് വഴി അവസരങ്ങൾ നഷ്ടപ്പെടുന്ന പൗരന്മാർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകുക, വിവരങ്ങൾ നൽകുന്നതിലെ കാലതാമസം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a), ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമായി കണക്കാക്കുക തുടങ്ങിയവയാണ് ഹരജിയിലെ ആവശ‍്യങ്ങൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിഹാറിൽ വിവരാവകാശ കമ്മീഷനുമുമ്പാകെ കെട്ടികിടക്കുന്നത് 2,800… | Boolokam