ബി​.ജെ.പിയെ ‘അപകീർത്തിപ്പെടുത്തി’യെന്ന് പരാതി; ആം ആദ്മി നേതാക്കൾക്കെതിരെ അഞ്ച് കേസുകൾ

ബി​.ജെ.പിയെ ‘അപകീർത്തിപ്പെടുത്തി’യെന്ന് പരാതി; ആം ആദ്മി നേതാക്കൾക്കെതിരെ അഞ്ച് കേസുകൾ

M
MadhyamamSource Link
സൂറത്ത്: നഗരസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സൂറത്തിൽ രാഷ്ട്രീയപ്പോര് ശക്തമാവുന്നു. തങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി നേതാക്കൾ​ക്കെതിരെ പരാതിയുമായി ബി.ജെ.പി പൊലീസിൽ പരാതി നൽകി. അഴിമതി, ലഹരിക്കടത്ത്, വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ എന്നിവ ഉന്നയിച്ച് ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പോസ്റ്ററുകളും ബാനറുകളും പതിച്ചതിന് ആം ആദ്മി നേതാക്കൾക്കെതിരെ പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കിരിത് പൻസൂരിയ, ദേവ്‌സിൻഹ് ദൊബാരിയ, വിശാൽ ചൗഡ തുടങ്ങിയ എ.എ.പി നേതാക്കൾക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബുക്‌സ് ആക്ട് പ്രകാരവും കേസെടുത്തിരിക്കുന്നത്. പുനാഗാമിലെ ബി.ജെ.പി വാർഡ് പ്രസിഡന്റ് ധർമേന്ദ്ര കക്കാഡിയ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സീതാനഗർ ക്രോസ് റോഡിലെ ഫ്ലൈഓവർ തൂണുകളിലും പൊതു ഇടങ്ങളിലും ബി.ജെ.പിയെ അപകീർത്തി പ്പെടുത്തുന്ന രീതിയിൽ പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ആരോപണം. ഗുജറാത്തി ഭാഷയിലുള്ള പോസ്റ്ററുകളിൽ ബി.ജെ.പി ഭരണത്തെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ബി.ജെ.പിയുടെ ഔദ്യോഗിക ചിഹ്നത്തിന് മുകളിൽ ക്രോസ് എന്ന് രേഖപ്പെടുത്തിയ ബാനറുകൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതോടൊപ്പം പോസ്റ്ററുകൾ അച്ചടിച്ച പ്രസിന്റെ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തത് നിയമവിരുദ്ധമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുകയും വികാരങ്ങൾ വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിയമപരമായി വേണ്ട പ്രസിന്റെ വിവരങ്ങൾ പോസ്റ്ററുകളിലില്ല. ഇത് സംബന്ധിച്ച് പ്രതികൾക്ക് നോട്ടീസ് അയച്ച് മൊഴി രേഖപ്പെടുത്തുമെന്ന് ഡെപ്യൂട്ടി ​പൊലീസ് കമീഷണർ അലോക് കുമാർ പറഞ്ഞു. ബി.​ജെ.പി ക്കെതിരെയുള്ള പോസ്റ്ററുകൾ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങളെ എ.എ.പി ജില്ല പ്രസിഡന്റ് ധർമേഷ് ഭണ്ഡേരി തള്ളി. നഗരത്തിലെ ലഹരി മാഫിയയെയും വിദ്യാഭ്യാസ മേഖലയിലെ കൊള്ളയെയും കുറിച്ച് ജനങ്ങൾ തന്നെയാണ് പോസ്റ്ററുകൾ അച്ചടിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 35 വർഷമായി സൂറത്ത് ഭരിക്കുന്ന ബി.ജെ.പിയോട് ജനങ്ങൾക്കുള്ള അതൃപ്തിയാണ് ഇതിലൂടെ പുറത്തുവരുന്നത്. സത്യം വിളിച്ചുപറയുന്നവരുടെ വായടപ്പിക്കാൻ ബി.ജെ.പി പൊലീസിനെ ഉപയോഗിക്കുകയാണെന്നും എ.എ.പി ആരോപിച്ചു. ‘വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഇല്ലാതായിരിക്കുന്നു. ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ബി.ജെ.പി പരാതി നൽകാനാണ് മുൻഗണന നൽകുന്നത്. ഇതിനെ നിയമപരമായി നേരിടും,’ ധർമേഷ് ഭണ്ഡേരി വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട നേതാക്കൾക്ക് നിയമസഹായം നൽകുമെന്ന് പാർട്ടി അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബി​.ജെ.പിയെ ‘അപകീർത്തിപ്പെടുത്തി’യെന്ന് പരാതി; ആം ആദ്മി നേത… | Boolokam