ബംഗളൂരു: പൊതുഗതാഗതത്തിൽ ഡിജിറ്റൽ സംവിധാനം ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ബി.എം.ടി.സി. ബസുകളിൽ ക്യു.ആർ അധിഷ്ഠിത യു.പി.ഐ. ടിക്കറ്റിങ് നിലവില്‍ വരും. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്‍ (ബി.എം.ടി.സി), മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാർട്ടപ്പായ‘ചലോ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. യശ്വന്ത്പുർ ഡിപ്പോ 26 ലെ 50 ബസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ആരംഭിച്ചു. മേയ് ആദ്യ വാരത്തോടെ എല്ലാ ഡിപ്പോകളിലും സംവിധാനം വ്യാപിപ്പിക്കാനാണ് നീക്കം. ചലോയുമായി ഏകദേശം 30 കോടിയുടെ നാലുവർഷത്തെ കരാറിന്‍റെ ഭാഗമാണ് പദ്ധതി. യാത്രക്കാർക്ക് ഏതെങ്കിലും യു.പി.ഐ. ആപ് ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്ത് പണമടക്കാൻ സാധിക്കും. പേമെന്‍റ് തൽക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടും. പേമെന്‍റ് പൂര്‍ത്തിയായശേഷം മാത്രമെ ടിക്കറ്റ് പ്രിന്‍റ് ചെയ്യുകയുള്ളൂ. ഇതുമൂലം ചില കണ്ടക്ടർമാർ വ്യക്തിഗത ക്യു.ആർ. കോഡുകൾ ഉപയോഗിച്ച് പേമെന്‍റുകള്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ യാത്രക്കാര്‍ വ്യാജ പേമെന്‍റ് സ്‌ക്രീൻഷോട്ടുകൾ കാണിക്കുന്ന പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും. ആദ്യഘട്ടത്തിൽ ഏകദേശം 11,000 സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ (ഇ.ടിഎം) വിന്യസിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 15,000 ആയി ഉയര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ക്യു.ആർ കോഡുകൾ, യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, സ്മാർട്ട് കാർഡുകൾ, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) എന്നിവയുൾപ്പെടെ വിവിധ പേമെന്‍റ് രീതികളിലൂടെ പണമടക്കാം. ബി.എം.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിന്‍റെ പകുതിയോളം യു.പി.ഐ പേമെന്‍റ്കളിൽനിന്നാണ് ലഭിക്കുന്നത്. ഭാവിയിൽ ബസ്, മെട്രോ യാത്രകൾക്ക് ഒറ്റ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ‘ശക്തി’ പദ്ധതിക്കായി പ്രത്യേക സ്മാർട്ട് കാർഡുകൾക്കും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.

ബി.എം.ടി.സി ബസുകളിൽ ക്യു.ആർ അധിഷ്ഠിത യു.പി.ഐ ടിക്കറ്റിങ് സംവിധാനം
M
MadhyamamSource Link
about 2 months ago