ബി.ജെ.പി സീറ്റ് നിഷേധിച്ചിട്ടില്ല, മത്സരിക്കാത്തത് സ്വന്തം തീരുമാനപ്രകാരം -തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ

ബി.ജെ.പി സീറ്റ് നിഷേധിച്ചിട്ടില്ല, മത്സരിക്കാത്തത് സ്വന്തം തീരുമാനപ്രകാരം -തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ

M
MadhyamamSource Link
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിൽ മൗനം വെടിഞ്ഞ് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പൂർണ്ണമായും തന്റേതാണെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അണ്ണാമലൈയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി രേഖാമൂലം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു മണ്ഡലത്തിൽ നിന്നും മത്സരിക്കില്ലെന്ന് ഞാൻ കോർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എനിക്ക് ടിക്കറ്റ് നിഷേധിച്ചിട്ടില്ല, മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നു എന്നതാണ് സത്യം’ -അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനുശേഷം നേതൃത്വം എങ്ങനെ തനിക്ക് സീറ്റു നൽകുമെന്നും അണ്ണാ​മലൈ ചോദിച്ചു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തക​രോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത​ന്റെ തീരുമാനത്തെ മാനിച്ചതിനും എൻ.ഡി.എ സഖ്യത്തിന്റെ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ അനുവദിക്കുന്നതിനും എൻ.ഡി.എ നേതൃത്വ​ത്തോട് അണ്ണാമലൈ നന്ദി പറയുകയും ​ചെയ്തു. സംസ്ഥാനത്തെ സ്ഥാനാർഥികളെ പൂർണമായി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തെക്കുറിച്ചും അണ്ണാമലൈ പരാമർശിച്ചു. കഴിഞ്ഞദിവസം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാനാർഥി പട്ടികയിൽ അണ്ണാമലൈയുടെ അസാന്നിധ്യം വലിയ ചർച്ചാവിഷയമായി ഉയർന്നുവന്നിരുന്നു. കോയമ്പത്തൂരിലെ ചില മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് നേരത്തെ പരാമർശിക്കപ്പെട്ടിരുന്നു. എന്നാൽ, എൻ.ഡി.എയിലെ പ്രധാന നേതൃത്വമായ എ.ഐ.എ.ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ അണ്ണാമലൈ അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി അണ്ണാമലൈ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങൾ പറയുന്നു. സിംഗനല്ലൂർ സീറ്റ് ബി.ജെ.പിക്ക് നൽകണമെന്ന് അദ്ദേഹം സമ്മർദ്ദം ചെലുത്തിയതായും പറയുന്നു. എന്നാൽ ആവ​ശ്യം എ.ഐ.എ.ഡി.എം.കെ മേധാവി എടപ്പാടി കെ. പളനിസ്വാമി നിഷേധിക്കുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബി.ജെ.പി സീറ്റ് നിഷേധിച്ചിട്ടില്ല, മത്സരിക്കാത്തത് സ്വന്തം… | Boolokam