ഗുരുവായൂർ: എം.എൽ.എമാരുടെ പേര് നോക്കി മതംപറഞ്ഞ് വിദ്വേഷം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിയെ തൂത്തെറിഞ്ഞ് ഗുരുവായൂരിലെ വോട്ടർമാർ. വോട്ടെണ്ണൽ തുടങ്ങി അഞ്ചുമണിക്കൂർ പിന്നിട്ടപ്പോൾ വെറും 14955 വോട്ടാണ് ഇദ്ദേഹത്തിന് കിട്ടിയത്. ഒന്നാംസ്ഥാനത്തുള്ള മുസ്‍ലിം ലീഗിലെ സി.എച്ച്. റഷീദ് 35890 വോട്ട് നേടി. 20935 വോട്ടിന് പിന്നിലായി മൂന്നാം സ്ഥാനത്താണ് ഗോപാലകൃഷ്ണൻ. രണ്ടാം സ്ഥാനത്തുള്ള സി.പി.എമ്മിലെ എൻ.കെ. അക്ബറിന് 35655 വോട്ട് ലഭിച്ചു. റഷീദും അക്ബറും തമ്മിൽ 235 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിവാദപരാമർശം. ഇതുസംബന്ധിച്ച പരാതിയിൽ രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കംചെയ്താലും സമൂഹത്തിനും സമുദായത്തിനും നാടിനും അത് ആഘാതമുണ്ടാക്കുന്നുണ്ടെന്നും അത് നീക്കാൻ എന്താണ് ചെയ്യേണ്ടതെന്നുമടക്കം ചോദ്യങ്ങൾ ഉന്നയിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നേതാവ് കെ. ഗോകുലിന്റെ ഹരജിയിലാണ് കോടതി ഇടപെട്ടത്. വിഡിയോ വ്യാപകമായി പ്രചരിക്കുകയും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ നടപടിയില്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ‘ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വന്ന് ഈ ബിംബത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഗുരുവായൂരിലെ എം.എല്‍.എയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ഗുരുവായൂരിലെ സ്ഥാനാർഥികളുടെ പേര് വെച്ചുള്ള കൂറ്റൻ ഹോർഡിങ്സ് സ്ഥാപിച്ചും ഗോപാലകൃഷ്ണൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.

ബി. ഗോപാലകൃഷ്ണന്റെ വർഗീയ നീക്കം തൂത്തെറിഞ്ഞ് ഗുരുവായൂർ; ഒന്നാംസ്ഥാനത്തുള്ള റഷീദിന്റെ പകുതിവോട്ടുപോലും കിട്ടിയില്ല
M
MadhyamamSource Link
about 2 hours ago
