റിയാദ്: ഈ വർഷത്തെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുഴുവൻ മുസ്‌ലിംകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം റമദാൻ 29 ആയ ബുധനാഴ്ച (മാർച്ച് 18) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം. ഈ വർഷത്തെ റമദാൻ മാസം ആരംഭിച്ചത് ഫെബ്രുവരി 18 ബുധനാഴ്ചയായിരുന്നു (ഹിജ്റ 1447 റമദാൻ ഒന്ന്). ഇതിെൻറ അടിസ്ഥാനത്തിൽ, ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ താൽപ്പര്യമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോടതി അറിയിച്ചു. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിക്കുന്നവർ എത്രയും വേഗം അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. നേരിട്ട് കോടതിയിൽ എത്താൻ സാധിക്കാത്തവർക്ക്, അടുത്തുള്ള സർക്കാർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കോടതിയിലെത്താൻ സഹായം തേടാവുന്നതാണ്. മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ കാര്യത്തിൽ പ്രത്യേകം താൽപ്പര്യമെടുക്കണമെന്നും വിവിധ പ്രദേശങ്ങളിൽ ഇതിനായി രൂപവത്കരിച്ചിട്ടുള്ള സമിതികളിൽ പങ്കുചേരണമെന്നും സുപ്രീം കോടതി അഭ്യർത്ഥിച്ചു. പുണ്യപ്രവൃത്തികളിൽ സഹകരിക്കുക എന്ന ലക്ഷ്യത്തോടെയും മുസ്ലിം സമൂഹത്തിന് ഉപകാരപ്രദമായ രീതിയിലും ഈ ദൗത്യത്തിൽ പങ്കാളികളാകുന്നവർക്ക് അർഹമായ പ്രതിഫലം ലഭിക്കട്ടെയെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

ബുധനാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
M
MadhyamamSource Link
about 2 months ago