സുൽത്താൻ ബത്തേരി: കോടികൾ ബാധ്യതയോടെ അടച്ചുപൂട്ടിയ സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ പാതിരിപ്പാലത്തെ ഓഫിസിന് മുമ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകന്റെ ആത്മഹത്യാശ്രമം. കൽപറ്റ സ്വദേശിയും മുൻ ജീവനക്കാരനുമായ നൗഷാദാണ് ചൊവ്വാഴ്ച ഉച്ചക്ക് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. 14 ലക്ഷം രൂപ തിരികെ ലഭിക്കാനുള്ള സി.പി.എം പ്രവർത്തകനായ നൗഷാദ് പാർട്ടി പതാകയും കന്നാസിൽ പെട്രോളുമായാണ് ഡയറക്ടർ ബോർഡ് യോഗം നടക്കുമ്പോൾ ബ്രഹ്മഗിരി ഓഫിസിൽ എത്തിയത്. ഓഫിസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച നൗഷാദിനെ പൊലീസ് തടയുകയും ഇയാളുടെ പക്കലുണ്ടായിരുന്ന പെട്രോളും പാർട്ടി പതാകയും പിടിച്ചെടുക്കുകയും ചെയ്തു. പാർട്ടി നേതാക്കൾ കള്ളന്മാരാണെന്നും പാർട്ടി ഓഫിസിൽ വെച്ചാണ് തന്റെ കൈയിൽ നിന്ന് കാശ് വാങ്ങിയതെന്നും നൗഷാദ് പറഞ്ഞു. മുൻ ചെയർമാൻ, ഇപ്പോഴത്തെ ചെയർമാൻ എന്നിവർക്കെതിരെ കടുത്ത ഭാഷയിലാണ് നൗഷാദ് പ്രതികരിച്ചത്. തുക മുഴുവനായി തിരിച്ചുകിട്ടണമെന്നും നൗഷാദ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും നേരിട്ട് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എസ്.പിക്കും നിരവധി തവണ പരാതി കൊടുത്തു. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന നൗഷാദ് കടുത്ത നിലപാട് സ്വീകരിച്ചത് അണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. 100 കോടിയോളം രൂപയുടെ ബാധ്യതയുമായി മൂന്ന് വർഷം മുമ്പാണ് ബ്രഹ്മഗിരി സൈസൈറ്റിയുടെ പ്രവർത്തനം നിലക്കുകയും ഫാക്ടറി പൂട്ടുകയും ചെയ്തത്. സൊസൈറ്റിയുടെ നിക്ഷേപകരും ജീവനക്കാരും ഭരണസമിതിയുമെല്ലാം സി.പി.എം അംഗങ്ങളോ സഹയാത്രികരോ ആണ്. അതേസമയം, സൊസൈറ്റിയുടെ മോശം അവസ്ഥയിലാണ് നൗഷാദ് പണം തിരികെ ആവശ്യപ്പെട്ടതെന്നും പെട്ടെന്ന് പണം തിരികെ കൊടുക്കാൻ പറ്റാത്ത സാഹചര്യമാണെന്നും സി.പി.എം നേതാവ് സുരേഷ് താളൂർ പ്രതികരിച്ചു. ബ്രഹ്മഗിരി ഫാക്ടറിയിൽ ഉൽപാദനം വീണ്ടും ആരംഭിക്കുന്ന മുറക്ക് നിക്ഷേപകരുടെ പണം കൊടുത്തുതീർക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെ ആരോപണം: ആത്മഹത്യാ ഭീഷണിയുമായി സി.പി.എം പ്രവർത്തകൻ നൗഷാദ്
M
MadhyamamSource Link
about 2 months ago