ഷാർജ: യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ സംവിധാനം മികച്ച നിലയിൽ വിജയകരമായി പ്രവർത്തിക്കുന്നതായി ഷാർജയിലെ കാർഷിക-മൃഗസംരക്ഷണ വകുപ്പ് ചെയർമാനും ഭക്ഷ്യോൽപാദന സ്ഥാപനമായ ‘ഇക്തിഫ സി.ഇ.ഒയുമായ ഡോ. ഖലീഫ മുസബാഹ് അൽ തുനൈജി. എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗൺസിലിന്റെ കീഴിൽ വിവിധ മന്ത്രാലയങ്ങളുമായി ഏകോപിച്ച് രാജ്യത്തിന്റെ ഭക്ഷ്യശേഖരങ്ങൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരി, റഷ്യ-യുക്രെയ്ൻ പ്രതിസന്ധി, വിവിധ രാജ്യങ്ങളിലെ വരൾച്ച തുടങ്ങിയ വെല്ലുവിളികൾക്കിടയിലും യു.എ.ഇ ശക്തമായ പ്രതിരോധ sശേഷി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തിന് ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇക്തിഫ’യിൽ പാലുൽപാദനം ദിനംപ്രതി 1.3 ലക്ഷം ലിറ്ററായി ഉയർന്നിട്ടുണ്ട്. 2029ഓടെ അത് 3 ലക്ഷം ലിറ്ററാക്കാനാണ് ലക്ഷണ്മിടുന്നത്. കോഴി ഉത്പാദനം നിലവിൽ ദിവസേന 7,000 എണ്ണം ആണ്. ഇത് 25,000ത്തിലധികമാക്കാനും പദ്ധതിയുണ്ട് -‘വാമി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പഴം, പച്ചക്കറി ഉത്പാദനവും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 140 പുതിയ ഭക്ഷ്യഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈ-പ്രോട്ടീൻ പാലും ഗ്രീക്ക് യോഗർട്ടും ഉൾപ്പെടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ചീസ്, ബട്ടർ, നെയ്യ്, ടമാറ്റോ പേസ്റ്റ് തുടങ്ങിയവ നിർമ്മിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. കൂടാതെ കോഴി പ്രോസസിങ് പ്ലാന്റും മൃഗ ആഹാര ഫാക്ടറിയും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ പദ്ധതികൾക്ക് മികച്ച വിജയം -‘ഇക്തിഫ’ സി.ഇ.ഒ
M
MadhyamamSource Link
about 1 month ago