മകന് വഴിമാറി തൊടുപുഴയുടെ സ്വന്തം പി.ജെ

മകന് വഴിമാറി തൊടുപുഴയുടെ സ്വന്തം പി.ജെ

M
MadhyamamSource Link
അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ ശക്തമായ നാമങ്ങളിലൊന്നായ കേരള കോൺഗ്രസ് അമരക്കാരൻ പി.ജെ ജോസഫ് ഇക്കുറി പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമ്പോൾ അതും ഒരു ചരിത്രമാണ്. നിലവിലെ നിയമസഭയിലെ ഏറ്റവും സീനിയർ ജനപ്രതിനിധിയായ പി.ജെ തന്റെ തട്ടകമായ തൊടുപുഴയിൽ മത്സരിക്കാൻ മകന്‍ അപു ജോണ്‍ ജോസഫിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1970ല്‍ തൊടുപുഴയില്‍ നിന്ന് ആദ്യജയം കണ്ട പി.ജെയെ അന്നു തൊട്ടുള്ള 12 തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും തൊടുപുഴക്കാർ തെരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തകന്‍, നിയമസഭാ സാമാജികന്‍, മന്ത്രി, കര്‍ഷകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ആഭ്യന്തരം, റവന്യു, എക്‌സൈസ്, പൊതുമരാമത്ത്, ജലവിഭവം, ഭവനനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങി പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂണ്‍ 28നായിരുന്നു ജനനം. 1978 ജനുവരി 14ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം.മാണിക്ക് തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ മന്ത്രി സ്ഥാനം പി.ജെ.ജോസഫിനെ തേടിയെത്തി. 1978 ജനുവരി 16ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.എം മാണിക്ക് ഒപ്പം ശക്തനായ നേതാവായിരുന്നു പിജെ ജോസഫ്. കേരള കോൺഗ്രസിലെ പല പിളർപ്പുകളിലും തന്‍റേതായ നിലപാടുകളുമായി പി.ജെ മുന്നോട്ട് പോയി. കെ.എംമാണിയുടെ മരണ ശേഷം ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് പോയപ്പോൾ ജോസഫും കൂട്ടരും യു.ഡി.എഫിൽ ഉറച്ചു നിന്നു. പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായെങ്കിലും വെല്ലുവിളികളെയെല്ലാം പി.ജെ തന്‍റെ സ്വത സിദ്ധമായ ശൈലിയിൽ തന്നെ നേരിട്ടു. 85 ആം വയസ്സിലും രാഷ്ട്രീയക്കാരന് അപ്പുറം ലക്ഷണമൊത്ത കർഷകൻ കൂടിയാണ് പിജെ ജോസഫ്. പുറപ്പുഴയിലെ വിശാലമായ പറമ്പിൽ വിവിധയിനം പശുക്കളും കൃഷികളും ഒക്കെയായി അദ്ദേഹം ഇപ്പോഴും സജീവമാണ്. കാര്‍ഷിക മേഖലയുടെ വികസനത്തിന് ജോസഫ് നല്‍കിയിട്ടുള്ള സംഭാവന ശ്രദ്ധേയമാണ്. തൊടുപുഴയില്‍ നടന്നുവന്ന സംസ്ഥാന കാര്‍ഷികമേള ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനു പുറമെയാണ് പാട്ടുകളോടുള്ള ഇഷ്ടവും . ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ച പരേതയായ ഡോ.ശാന്തയാണ് ഭാര്യ. അപു, യമുന, ആന്‍റണി, പരേതനായ ജോ എന്നിവരാണ് മക്കള്‍. ‘‘പാർട്ടിയെ മുന്നിൽ നിന്ന് നയിക്കും’’ മത്സരരംഗത്ത് നിന്ന് മാറുന്നതിൽ വിഷമമൊന്നുമില്ലന്ന് കേരള കോൺഗ്രസ് ചെ‍യർമാൻ പി.ജെ.ജോസഫ്. ആരോഗ്യപരമായ കാരണങ്ങളാലാണ് മാറുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ പാർട്ടിയെ നയിക്കാൻ താൻ ഉണ്ടാകും. ഇടുക്കിയും, ഏറ്റുമാനൂരും വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്.അതിൽ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകന് വഴിമാറി തൊടുപുഴയുടെ സ്വന്തം പി.ജെ — Madhyamam | Boolok… | Boolokam