റാഞ്ചി: മകന്റെ അസുഖം മാറാൻ 13കാരിയായ മകളെ നരബലി നടത്തിയ മാതാവും മാതാവിന്റെ കാമുകനും ദുർമന്ത്രവാദിയും അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവ് 35കാരിയായ രശ്മി ദേവി, ദുർമന്ത്രവാദിയായ ശാന്തി ദേവി, 40കാരനായ ഭീം റാം എന്നിവരാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കുസുംബ ഗ്രാമത്തിൽ മാർച്ച് 24നാണ് സംഭവം. ഗ്രാമവാസികൾ രാമനവമി ആഘോഷിക്കുന്നതിനിടെ പെൺകുട്ടിയെ കാണാതായെന്നും പിറ്റേദിവസം രാവിലെ പെൺകുട്ടിയെ മൃതദേഹം സ്കൂളിന് സമീപത്തെ മുളങ്കാടിനുള്ളിൽനിന്നും കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പ്രദേശവാസിയായ ഒരു ധനേശ്വർ പാസ്വാന്റെ പേരിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാർഖണ്ഡ് ഡി.ജി.പിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. എന്നാൽ, പൊലീസിന്റെ അന്വേഷണം മറ്റൊരു വഴിത്തിരിവിലെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കുടുംബത്തിന്റെ അയൽവാസിയായ ദുർമന്ത്രവാദം ഉൾപ്പെടെ ചെയ്യുന്ന 55കാരിയായ ശാന്ത ദേവി എന്ന സ്ത്രീ പെൺകുട്ടിയുടെ മാതാവിനെ മകന്റെ അസുഖം മാറാനും കുടുംബത്തിന്റെ പ്രശ്നങ്ങൾ മാറാനും നരബലി ആവശ്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് കന്യകയായ പെൺകുട്ടിയെ ബലി നൽകാൻ ആവശ്യപ്പെടുകയും മകളായ 13കാരിയെ ബലിനടത്താൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് മൂന്നുമാസത്തോളം കുട്ടിയുടെ മാതാവ് ഇവരുടെ നിർദേശം അനുസരിച്ചു കൊണ്ടിരുന്നു. തുടർന്ന് ദുർഗാഷ്ടമി ദിനത്തിൽ നരബലി നടത്താൻ അമ്മയോട് ആവശ്യപ്പെടുകയുമായിരുന്നു. സംഭവം നടക്കുന്ന ദിവസം പൂജയുണ്ടെന്ന് വിശ്വസിപ്പിച്ച് അമ്മയും കാമുകൻ ഭീം രാമും ചേർന്ന് പെൺകുട്ടിയെ ശാന്തദേവിയുടെ വീട്ടിലെത്തിച്ചു. പൂജകൾക്ക് ശേഷം പെൺകുട്ടിയെ അമ്മയും കാമുകനും ആൾദൈവവും ചേർന്ന് മുളങ്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. തുടർന്നായിരുന്നു ക്രൂരമായ കൊല നടത്തിയത്. അവിടെവെച്ച് ഭീം റാം പെൺകുട്ടിയുടെ കഴുത്തുഞെരിച്ചു. അമ്മ കാലിൽ പിടിച്ചുവെക്കുകയും ചെയ്തു. ഇതിനിടെ, ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാൻ ആൾദൈവം പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് ആക്രമിച്ചു. പിന്നീട് ആചാരത്തിനായി ഭീം റാം കുട്ടിയുടെ തല ഇടിച്ചുപൊട്ടിച്ച് രക്തം ശേഖരിക്കുകയായിരുന്നു. മൃതദേഹം അവിടെതന്നെ ഉപേക്ഷിച്ചശേഷം മൂവരും മടങ്ങിയെന്നും പൊലീസ് പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. രണ്ടു കൊലക്കേസുകളിൽ പ്രതിയാണ് ഭീം റാമെന്ന് പൊലീസ് പറഞ്ഞു.

മകന്റെ അസുഖം മാറാൻ മകളെ നരബലി നടത്തി; അമ്മയും കാമുകനും ദുർമന്ത്രവാദിയും അറസ്റ്റിൽ
M
MadhyamamSource Link
about 1 month ago