നെടുങ്കണ്ടം: കാൽ നുറ്റാണ്ടായുള്ള ചെങ്കോട്ട തകർത്ത് ഉടുമ്പൻചോലയിൽ ത്രിവർണ്ണ പതാക ഉയർത്തി അഡ്വ. സേനാപതി വേണു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗവും 15 വർഷം ഉടുമ്പൻചോലയുടെ എം.എൽ.എ യുമായിരുന്ന കെ.കെ. ജയചന്ദ്രനെ 20,021 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സേനാപതി വേണു മിന്നും വിജയം നേടിയത്. യു.ഡി.എഫ് കുത്തക അവകാശപ്പെടുന്നുണ്ടെങ്കിലും മണ്ഡല രുപവത്ക്കരണത്തിനു ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളിൽ ആറ് തവണ യു.ഡി.എഫ് വിജയിച്ചിരുന്നുവെങ്കിലും കേവലം രണ്ട് തവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. ബാക്കി നാല് തവണയും കേരള കോൺഗ്രസാണ് വിജയിച്ചിട്ടുള്ളത്. എന്നാൽ, കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ സ്വാധീനം ഇക്കുറി ഉടുമ്പൻചോലയിൽ വിലപോയില്ല. പത്ത് വർഷത്തെ വികസനങ്ങൾ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഇടത് മുന്നണി വോട്ട് അഭ്യർത്ഥിച്ചെതങ്കിലും ഇതൊന്നും ചെവിക്കൊള്ളാതെ വോട്ടർമാർ ഒന്നടങ്കം വലതുപക്ഷത്തേക്ക് ചായുകയായിരുന്നു. ഉടുമ്പൻചോല മണ്ഡല രൂപവത്ക്കരണത്തിനു ശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തെരെഞ്ഞടുപ്പിൽ എം.എം. മണിക്ക് ലഭിച്ച ഭൂരിപക്ഷം ഒഴിച്ചാൽ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇക്കുറി അഡ്വ. സേനാപതി വേണുവിന് ലഭിച്ചത്. കഴിഞ്ഞ തവണ എം.എം. മണിക്ക് ലഭിച്ച ഭൂരിപക്ഷം 38,305 വോട്ടായിരുന്നെങ്കിൽ ഇക്കുറി സേനാപതിക്ക് ലഭിച്ചത് 20,021 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 2006ൽ സി.പി.എമ്മിലെ കെ.കെ.ജയചന്ദ്രൻ ഡി.ഐ.സിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ പരാജയപ്പെടുത്തിയതാണ് അഞ്ചക്കസംഖ്യയിലുള്ള ഭൂരിപക്ഷമായ 19,648 വോട്ടുകൾ നേടിയത്. കാൽ നുറ്റാണ്ടായി ഇടത് മുന്നണിയുടെ ഉരുക്കു കോട്ടയായി മാറിയ മണ്ഡലത്തിന്റെ കോട്ട തകർക്കാൻ യു.ഡി.എഫ് പതിനെട്ടടവും പയറ്റി എന്നുമാത്രമല്ല, മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്ഥമായി കോൺഗ്രസ് പാളയത്തിൽ വിള്ളലില്ലാതെ ഐക്യത്തോടെയായിരുന്നു പ്രവർത്തനം എന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ വോട്ടുകൾ നേടാനാകുമെന്നാണ് എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ പ്രചാരണ വേളയിൽ പറഞ്ഞത്. 2021ൽ ബി.ഡി.ജെ.എസിലെ സന്തോഷ് മാധവൻ നേടിയതിലും മുവായിരത്തോളം വോട്ടുകൾ കൂടുതൽ നേടാൻ മാത്രമേ സംഗീത വിശ്വനാഥന് കഴിഞ്ഞൊള്ളൂ.

മണിയാശാന്റെ പിന്തുടർച്ചക്കാരനാകാൻ ജയചന്ദ്രനെ അനുവദിച്ചില്ല; ഉടുമ്പൻചോലയിൽ മിന്നും വിജയം നേടി സേനാപതി വേണു
M
MadhyamamSource Link
about 2 hours ago
