ചെന്നൈ: മണ്ഡല പുനർനിർണയ ബിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം പ്രചാരണ വിഷയമാക്കി ഡി.എം.കെ സഖ്യം. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയേപ്പാഴാണ് ലോക്സഭ മണ്ഡല പുനർനിർണയ ബിൽ വീണുകിട്ടിയ വടിയെന്ന നിലയിൽ ആയുധമാക്കി സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. പ്രചാരണ യോഗങ്ങളിൽ സ്റ്റാലിൻ മുഖ്യ വിഷയമായി ഉയർത്തിക്കാട്ടിയതും ഇതുതന്നെ. ബിൽ പൂർണമായി പിൻവലിക്കണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. രണ്ട് ദിവസമായി സ്റ്റാലിൻ ഉൾപ്പെടെ ഡി.എം.കെ നേതാക്കൾ കറുത്ത വസ്ത്രമാണ് ധരിക്കുന്നത്. മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴകമൊട്ടുക്കും ഡി.എം.കെ പ്രതിഷേധം സംഘടിപ്പിച്ചു. നാമക്കലിൽ മുഖ്യമന്ത്രി ബില്ലിന്റെ പകർപ്പ് കത്തിച്ചു. കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും സംസ്ഥാനമൊട്ടുക്കും പ്രവർത്തകർ പ്രതിഷേധിച്ചു. ബില്ലിനെ ‘കറുത്ത നിയമം’ എന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ഇത് തമിഴരെ സ്വന്തം നാട്ടിൽ അഭയാർഥികളാക്കുന്നതാണെന്ന് ആരോപിച്ചു. മണ്ഡല പുനർനിർണയ നീക്കം സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചാൽ അറുപതുകളിലെ തമിഴക പ്രക്ഷോഭം ആവർത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം കുറയില്ലെന്നും തമിഴ്നാട്ടിൽ 39ൽനിന്ന് 59 മണ്ഡലങ്ങളായി ഉയരുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവന എടുത്തുപറഞ്ഞാണ് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമിയും ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയും ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ ഇതിനെ പ്രതിരോധിച്ചത്. എന്നാലിത് ബില്ലിൽ വ്യക്തമാക്കിയിട്ടില്ലെന്നും വെറുതെ വിളിച്ചുപറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും ഡി.എം.കെ തിരിച്ചടിച്ചു.

മണ്ഡല പുനർനിർണയ ബിൽ: വീണുകിട്ടിയ വടി ആയുധമാക്കി ഡി.എം.കെ
M
MadhyamamSource Link
22 days ago