മദ്യനയ കേസ്: "ജഡ്ജിയെ വിചാരണ ചെയ്യാൻ അനുവദിക്കില്ല"; കെജ്രിവാളിന്റെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

മദ്യനയ കേസ്: "ജഡ്ജിയെ വിചാരണ ചെയ്യാൻ അനുവദിക്കില്ല"; കെജ്രിവാളിന്റെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെയും സഹപ്രവർത്തകരുടെയും ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വർണകാന്ത് ശർമയാണ് ഹരജികളിൽ വിധി പറഞ്ഞത്. വ്യക്തമായ തെളിവുകളില്ലാതെ ഒരു കക്ഷിയെയും ജഡ്ജിമാരെ വിചാരണ ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ ജഡ്ജിമാർ പിന്മാറേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന വിധിപ്രസ്താവത്തിൽ അതിശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ഈ കോടതി തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ സ്ഥാപനത്തിനും വേണ്ടി നിലകൊള്ളും. ഒരു രാഷ്ട്രീയ നേതാവിനും യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു സ്ഥാപനത്തെ തകർക്കാൻ അനുവാദമില്ല. ഒരു ജഡ്ജിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം നീതിന്യായ വ്യവസ്ഥയ്ക്ക് നേരേയുള്ള ആക്രമണമാണെന്നും ജസ്റ്റിസ് ശർമ പറഞ്ഞു. ഹരജിയിലെ ആരോപണങ്ങൾ കേവലം അനുമാനങ്ങളും മുൻവിധികളും മാത്രമാണെന്ന് നിരീക്ഷിച്ച കോടതി, താൻ പിന്മാറില്ലെന്ന് ആവർത്തിച്ചു. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, ദുർഗേഷ് പഥക് എന്നിവർക്ക് പുറമെ വിജയ് നായർ, അരുൺ രാമചന്ദ്ര പിള്ള തുടങ്ങിയവരാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ കേസ് കേൾക്കുന്നതിനെതിരെ ഹരജി നൽകിയത്. നേരത്തെ മദ്യനയ കേസിൽ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹരജി ഇതേ ജഡ്ജി തള്ളിയിരുന്നു. കൂടാതെ കെ. കവിത, സിസോദിയ എന്നിവരുടെ ജാമ്യാപേക്ഷകളും ഇവർ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന ആശങ്ക ഉന്നയിച്ചാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രതികളുടെ നീക്കത്തെ ശക്തമായി എതിർത്തു. ജഡ്ജിയെ മാറ്റാൻ ശ്രമിച്ച കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ കേസിൽ കെജ്‌രിവാളിനെയും സിസോദിയയെയും ഫെബ്രുവരി 27ന് വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സി.ബി.ഐയുടെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യനയ കേസ്: "ജഡ്ജിയെ വിചാരണ ചെയ്യാൻ അനുവദിക്കില്ല"; കെജ്രി… | Boolokam