കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തുന്നതിനിടെ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്കും സെക്രട്ടറിയേറ്റിനും സുരക്ഷ വർധിപ്പിച്ചു. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമത ബാനർജിയുടെ വസതിക്ക് മുന്നിൽ ഒരു സംഘം ആളുകൾ എത്തി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം സുരക്ഷ വർധിപ്പിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റായ ‘നബന്നക്കും കേന്ദ്ര സേനയുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന നില തകരാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 294 അംഗ നിയമസഭയിൽ ബി.ജെ.പി 205 സീറ്റുകളിൽ ലീഡ് ചെയ്ത് വലിയ മുന്നേറ്റം നടത്തുകയാണ്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 82 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ഇടതുപക്ഷവും കോൺഗ്രസും രണ്ട് വീതം സീറ്റീകളിലുമാണുള്ളത്. അതേസമയം, ഭബാനിപൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തൃണമൂൽ ഏജന്റിനെ പുറത്താക്കിയെന്ന പരാതിയെത്തുടർന്ന് മമത ബാനർജി നേരിട്ട് സ്ഥലത്തെത്തി. സുവേന്ദു അധികാരിയുമായുള്ള പോരാട്ടത്തിൽ മമതയുടെ ലീഡ് നില കുറഞ്ഞ സാഹചര്യത്തിലാണ് അവർ കൗണ്ടിങ് സെന്ററിലേക്ക് എത്തിയത്. സംസ്ഥാനത്ത് സംഘർഷ സാധ്യത ഒഴിവാക്കാൻ തിങ്കളാഴ്ച ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിജയ റാലികളും ചൊവ്വാഴ്ച മാത്രമേ നടത്താൻ അനുവാദമുള്ളൂ.

മമതയുടെ വസതിക്ക് മുന്നിൽ ‘ജയ് ശ്രീറാം’ വിളി; ബംഗാളിൽ സുരക്ഷ ശക്തമാക്കി
M
MadhyamamSource Link
about 2 hours ago
