മറവിരോഗത്തിന് മരുന്നാകുമോ? തലച്ചോറിലെ ആ 'ഡെത്ത് സ്വിച്ച്' ഓഫ് ചെയ്യാം, അൽഷിമേഴ്‌സ് ചികിത്സയിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

മറവിരോഗത്തിന് മരുന്നാകുമോ? തലച്ചോറിലെ ആ 'ഡെത്ത് സ്വിച്ച്' ഓഫ് ചെയ്യാം, അൽഷിമേഴ്‌സ് ചികിത്സയിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ

M
MadhyamamSource Link
ഹൈഡൽബർഗ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന അൽഷിമേഴ്‌സ് രോഗത്തിന്റെ രഹസ്യങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിന് കാരണമാകുന്ന ഒരു പ്രത്യേക 'ഡെത്ത് സ്വിച്ച്' ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെ ഗവേഷകർ തിരിച്ചറിഞ്ഞു. ഈ പ്രക്രിയ തടയാൻ കഴിഞ്ഞാൽ അൽഷിമേഴ്‌സ് മൂലം ഓർമ്മകൾ നഷ്ടപ്പെടുന്നത് സാവധാനത്തിലാക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. തലച്ചോറിലെ പഠനത്തെയും ഓർമ്മയെയും സഹായിക്കുന്ന 'എൻ.എം.ഡി.എ' റിസപ്റ്ററുകളും, കോശങ്ങളുടെ സമ്മർദത്തോട് പ്രതികരിക്കുന്ന 'ടി.ആർ.പി.എം 4' എന്ന പ്രോട്ടീനും ചേർന്നാണ് ഈ അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. സാധാരണ നിലയിൽ ഇവ രണ്ടും തലച്ചോറിന് ഗുണകരമാണെങ്കിലും, തെറ്റായ രീതിയിൽ കൂടിച്ചേരുമ്പോൾ തലച്ചോറിലെ നാഡീകോശങ്ങളെ കൊല്ലുന്ന ഒരു മരണക്കെണിയായും അതിവേഗം പടരാൻ ഇടയാക്കുകയും ചെയ്യുന്നു. അൽഷിമേഴ്‌സ് ബാധിച്ച എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇവ വളരെ കൂടുതലായി കാണപ്പെട്ടു. എന്നാൽ, എഫ്.പി 802 എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ മരുന്ന് ഉപയോഗിച്ചപ്പോൾ ഈ മാരകമായ ഒത്തുചേരൽ തടയാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഇതോടെ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നത് പകുതിയിലധികം കുറയുകയും എലികളുടെ ഓർമശക്തിയിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്തു. നിലവിൽ അൽഷിമേഴ്‌സ് ചികിത്സകൾ തലച്ചോറിലെ 'അമിലോയിഡ് ബീറ്റ' എന്ന പ്രോട്ടീൻ നീക്കം ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഈ പുതിയ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കോശങ്ങൾ നശിക്കുന്ന ആ ചങ്ങലയൊന്നിനെ നേരിട്ട് മുറിക്കാനാണ്. കോശങ്ങളിലെ ഊർജ നിലയങ്ങളായ മൈറ്റോകോൺട്രിയയുടെ നാശം തടയാനും ഈ പുതിയ രീതിക്ക് കഴിയുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ലബോറട്ടറി തലത്തിൽ ഈ കണ്ടെത്തൽ വലിയ വിജയമാണെങ്കിലും, മനുഷ്യരിൽ ഇത് പ്രയോഗിക്കുന്നതിന് മുമ്പ് ഇനിയും നിരവധി സുരക്ഷ പരിശോധനകൾ ആവശ്യമാണ്. എങ്കിലും, അൽഷിമേഴ്‌സ് ബാധിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയാതെ പോകുന്ന അവസ്ഥക്ക് ഒരു ശാശ്വത പരിഹാരം കാണാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മറവിരോഗത്തിന് മരുന്നാകുമോ? തലച്ചോറിലെ ആ 'ഡെത്ത് സ്വിച്ച്' ഓ… | Boolokam