മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ...

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ...

M
MadhyamamSource Link
ന ഗര ജീവിതത്തിന്‍റെ പിരിമുറുക്കങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ഇണങ്ങിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ചോപ്ത. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിവിടം. തുടക്കക്കാർക്കും പരിചയസമ്പന്നരായവർക്കും ഒരുപോലെ അനുയോജ്യമായ പാതകളാണ് ചോപ്തയുടെ സവിശേഷത. പച്ചപ്പുൽമേടുകളിലൂടെയുള്ള നടത്തവും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കീഴെ ക്യാമ്പ് ചെയ്യുന്നതുമെല്ലാം നവ്യാനുഛവം സമ്മാനിക്കും. നയനമനേഹരമായ മലമ്പാതകൾ താണ്ടിയുള്ള ട്രെക്കിങ് ചോപ്തയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആവേശകരമായ നിമിഷങ്ങൾ പകർന്നുനൽകുമെന്നുറപ്പ്. ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ചോപ്ത ക്ക് ‘ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുണ്ട്. സമൃദ്ധമായ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവ കൊണ്ട് സമൃദ്ധമായ ചോപ്ത, പച്ചപ്പിന്റെ രമണീയതക്കൊപ്പം മറക്കാനാവാത്ത സാഹസിക അനുഭവങ്ങൾക്കും പേരുകേട്ട സ്ഥലമാണ്. പവിത്രമായ അഞ്ച് ശിവക്ഷേത്രങ്ങളായ പഞ്ച കേദാറിന്റെ കേന്ദ്രമാണ് ചോപ്ത. അതിന്റെ ഇടതുവശത്ത് കേദാർനാഥ്, മദ്മഹേശ്വർ ക്ഷേത്രങ്ങളും വലതുവശത്ത് രുദ്രനാഥും കൽപേശ്വറും, തൊട്ടുമുകളിൽ തുങ്നാഥ് ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ചോപ്ത ഒരു പക്ഷിനിരീക്ഷണ കേന്ദ്രം കൂടിയാണ്. ഹിമാലയൻ മോണൽ, ​​ഹിമാലയൻ സ്വിഫ്റ്റ്ലെറ്റ്, ഹിമാലയൻ ഗ്രിഫൺ, സ്കാർലറ്റ് ഫിഞ്ച്, ഹിൽ പാർട്രിഡ്ജ് തുടങ്ങിയ 240ലധികം ഇനം പക്ഷികളെ ഇവിടെ കാണാൻ കഴിയും. ദുഗൽബിട്ട, മണ്ഡൽ ഗ്രാമം, മക്കുമഠ്, തുങ്നാഥ് ട്രെക്ക് റൂട്ട് തുടങ്ങിയ സമീപ സ്ഥലങ്ങളും ഇവിടെ നിന്ന് കാണാൻ സാധിക്കും. കാഴ്ചകളുടെ കൊടുമുടിയിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രവും വിശുദ്ധമായ പഞ്ചകേദാർ തീർഥാടനത്തിന്റെ ഭാഗവുമായ തുംഗനാഥിലേക്കുള്ള ട്രെക്കിങ്ങിന്റെ പ്രവേശന കവാടമാണ് ചോപ്ത. ഇവിടെ നിന്ന് അല്പം കൂടി മുന്നോട്ട് നടന്നാൽ ചന്ദ്രശില കൊടുമുടിയിലെത്താം. നന്ദാദേവി, തൃശൂൽ, ചൗഖംബ തുടങ്ങിയ ഹിമാലയൻ നിരകളുടെ വിസ്മയിപ്പിക്കുന്ന 360-ഡിഗ്രി കാഴ്ചയാണ് ഈ കൊടുമുടി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ശാന്തമായ പ്രകൃതിദൃശ്യങ്ങൾക്കുപുറമെ ആവേശകരമായ വിനോദങ്ങളും ഹിമാലയൻ കൊടുമുടികളിലെ മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ചോപ്തയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശൈത്യകാല മഞ്ഞുവീഴ്‌ചയും ശാന്തമായ അന്തരീക്ഷവും അതിന് ആക്കംകൂട്ടുന്നു. ഫോട്ടോഗ്രാഫർമാരും പ്രകൃതിസ്‌നേഹികളും ട്രെക്കർമാരുമെല്ലാം ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാൻ ഇടക്കിടെയെത്താറുണ്ട്. പ്രധാന ആകർഷണങ്ങൾ ചോപ്തയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് തുംഗനാഥ് ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ പുണ്യകേന്ദ്രം പഞ്ചകേദാരങ്ങളിൽ ഒന്നാണ്. തുംഗനാഥിൽ നിന്ന് ഒന്നര കിലോമീറ്റർ കൂടി മുകളിലേക്ക് കയറിയാൽ എത്തുന്ന സ്ഥലമാണ് ചന്ദ്രശില ശിഖരം. ഹിമാലയൻ നിരകളുടെ കാഴ്ചകളും നന്ദാദേവി, തൃശൂൽ, ചൗഖംബ തുടങ്ങിയ ഹിമാലയൻ കൊടുമുടികളുടെ അതിമനോഹരമായ ദൃശ്യവും ഇവിടെ നിന്ന് ആസ്വദിക്കാനാകും. ചോപ്തയ്ക്ക് സമീപമുള്ള സാരി ഗ്രാമത്തിൽ നിന്ന് രണ്ടു കിലോമീറ്റർ ട്രെക്കിങ് നടത്തിയാൽ മാന്ത്രിക തടാകമായ ദേവരിയ താലിലെത്താം. തെളിഞ്ഞ വെള്ളത്തിൽ ചൗഖംബ പർവതനിരകളുടെ പ്രതിബിംബം കാണാൻ സാധിക്കുന്ന ഈ തടാകം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ചോപ്തയിലേക്കുള്ള യാത്രയിൽ സന്ദർശിക്കാവുന്ന മനോഹരമായ ആത്മീയ കേന്ദ്രമാണ് ഉഖിമഠ്. ശൈത്യകാലത്ത് കേദാർനാഥ്, തുംഗനാഥ് വിഗ്രഹങ്ങൾ ഇവിടേക്കാണ് മാറ്റുന്നത്. ഹിമാലയത്തിലെ റോഡോഡെൻഡ്രോൺ കാടുകൾക്കിടയിലൂടെയുള്ള യാത്രയും മനോഹരമായ പുൽമേടുകളും ചോപ്തയെ സാഹസിക പ്രിയർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി… | Boolokam