മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

M
MadhyamamSource Link
ക്വാലാലംപുർ: പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തി വിസ നിയമങ്ങളിൽ വൻ പരിഷ്കാരവുമായി മലേഷ്യൻ സർക്കാർ. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമായി കൊണ്ടുവന്ന പുതിയ നിയമങ്ങൾ, പതിറ്റാണ്ടുകളായി മലേഷ്യയെ സ്വന്തം വീടായി കണ്ടിരുന്ന ആയിരക്കണക്കിന് പ്രൊഫഷനലുകളുടെ ഭാവി ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്. പുതിയ നയമനുസരിച്ച്, പ്രവാസികൾക്ക് വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി മിക്ക വിഭാഗങ്ങളിലും ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ മാസം മുതൽ നിലവിൽ വരുന്ന ഈ മാറ്റം ബിസിനസ് കൺസൾട്ടന്റുമാർ മുതൽ എൻജിനീയർമാർ വരെയുള്ള ഇടത്തരം ശമ്പളക്കാരായ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. പുതിയ പരിഷ്കാരമനുസരിച്ച്, മൂന്ന് പ്രധാന തൊഴിൽ വിസ വിഭാഗങ്ങളിലും ശമ്പള പരിധി കുത്തനെ കൂട്ടിയിട്ടുണ്ട്. ഉയർന്ന വിഭാഗത്തിൽ കുറഞ്ഞ പ്രതിമാസ ശമ്പളം 10,000 റിംഗിറ്റിൽ (ഏകദേശം 2,35,437 രൂപ) നിന്ന് 20,000 റിംഗിറ്റായും (4,70,848 രൂപ), രണ്ടാം വിഭാഗത്തിൽ 5,000ൽ നിന്ന് (1,17,718 രൂപ) 10,000 റിംഗിറ്റായും, മൂന്നാം വിഭാഗത്തിൽ 3,000ൽ നിന്ന് (70,631രൂപ) 5,000 റിംഗിറ്റായും ഉയർത്തി. ഇതിനുപുറമെ, ഓരോ വിദേശ തൊഴിലാളിക്കും വിസ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾക്ക് അഞ്ചു മുതൽ 10 വർഷം വരെ മാത്രമേ അനുവാദമുണ്ടാകൂ എന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയപരിധിക്ക് ശേഷം സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള കൃത്യമായ പദ്ധതികൾ കമ്പനികൾ സമർപ്പിക്കേണ്ടി വരും. മുൻകൂട്ടി ഒരു സൂചനയും നൽകാതെയുള്ള ഈ മാറ്റം തങ്ങളുടെ ദീർഘകാല പദ്ധതികളെ തകിടം മറിച്ചുവെന്നാണ് മലേഷ്യയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പറയുന്നത്. രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയിൽ വിദേശികളുടെ എണ്ണം 2035ഓടെ അഞ്ചു ശതമാനമായി കുറക്കുക എന്നതാണ് മലേഷ്യൻ സർക്കാരിന്റെ ലക്ഷ്യം. കുറഞ്ഞ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് സാങ്കേതിക വിദ്യയുടെ വളർച്ചയെയും സ്വദേശികളുടെ ശമ്പള വർധനയെയും തടസ്സപ്പെടുത്തുന്നുവെന്നാണ് 13-ാം മലേഷ്യ പ്ലാനിൽ സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, പെട്ടെന്ന് ശമ്പള പരിധി ഇരട്ടിയാക്കുന്നത് കമ്പനികളുടെ ചെലവ് വർധിപ്പിക്കുമെന്നും, ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഉള്ള വിദഗ്ധരായ എൻജിനീയർമാരെ നിയമിക്കുന്നത് ഇനി കമ്പനികൾക്ക് പ്രായോഗികമാകില്ലെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വൈദഗ്ധ്യമുള്ള സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാതെ വിദേശികളെ നിയന്ത്രിക്കുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നുണ്ട്. നിലവിലെ ഈ സാഹചര്യം മലേഷ്യയെ ആകർഷകമായ തൊഴിൽ കേന്ദ്രമല്ലാതാക്കി മാറ്റുമോ എന്ന ഭയത്തിലാണ് പ്രവാസി സമൂഹം. മലേഷ്യയിലെ സംസ്കാരത്തോടും ഭക്ഷണത്തോടും ഒത്തുപോയിരുന്ന പലരും ഇപ്പോൾ വിയറ്റ്‌നാം, തായ്‌ലൻഡ് തുടങ്ങിയ അയൽ രാജ്യങ്ങളിലെ അനുകൂലമായ വിസ നിയമങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പ്രവാസികൾ ഓരോ വർഷവും കോടിക്കണക്കിന് രൂപ നികുതിയായും നിക്ഷേപമായും മലേഷ്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുന്നുണ്ടെന്നിരിക്കെ, പുതിയ നിയന്ത്രണങ്ങൾ പ്രവാസികളുടെ ഒഴുക്ക് കുറക്കാനും ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കാനും ഇടയാക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുത… | Boolokam