ന്യൂഡൽഹി: ഇലോൺ മസ്കിന്റെ സമൂഹമാധ്യമമായ എക്സ് (നേരത്തേ ട്വിറ്റർ) വീണ്ടും പണിമുടക്കി. ബുധനാഴ്ച പുലർച്ചെ 2.03ഓടെയാണ് ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടത്. മോണിറ്ററിങ് സൈറ്റ് ഡൗൺ ഡിറ്റക്ടർ പ്രകാരം പുലർച്ചെ 2.03ഓടെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങുകയും നിമിഷങ്ങൾക്കകം 25,500 ലധികം പരാതികൾ ഉയരുകയും ചെയ്തു. ചില ഉപയോക്താക്കൾ തടസ്സമില്ലാതെ പ്ലാറ്റ്ഫോം ആക്സസ് ചെയ്തപ്പോൾ മറ്റു ചിലർക്ക് പ്ലാറ്റ്ഫോം ലോഡ് ചെയ്യുന്നതിനും ആപ്പിൽ പ്രധാന ഫീച്ചറുകൾ ഉപയോഗിക്കുന്നതിനും തടസ്സം അനുഭവപ്പെടുകയായിരുന്നു. പുലർച്ചെ 3.34ഓടെ തടസ്സങ്ങൾ പരിഹരിച്ചതായി ഡൗൺഡിറ്റക്ടർ അറിയിച്ചു. രാവിലെ ആറുമണിവരെ പ്ലാറ്റ്ഫോം തടസ്സങ്ങളില്ലാതെ പ്രവർത്തിച്ചെങ്കിലും വീണ്ടും തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡ് ലോഡ് ചെയ്യാനോ ടൈംലൈനുകൾ പുതുക്കാനോ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ 11,600ലധികം റിപ്പോർട്ടുകൾ ഡൗൺ ഡിറ്റക്ടറിൽ രേഖപ്പെടുത്തി. എക്സ് ആപ്പിലും ഡെസ്ക്ടോപ്പിലും ഒരേപോലെ തടസ്സം നേരിട്ടു. ഒരു മണിക്കൂറിന് ശേഷം ഏഴുമണിയോടെയാണ് പ്രശ്നം പരിഹരിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തടസ്സങ്ങൾ നേരിട്ടതിനെക്കുറിച്ച് എക്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം ജനുവരിയിൽ ആറര മണിക്കൂറിലേറെ എക്സ് പ്രവർത്തനരഹിതമായിരുന്നു. രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് പ്ലാറ്റ്ഫോം പ്രവർത്തനരഹിതമായതിനെ തടുർന്ന് വലഞ്ഞത്. ഇന്ത്യക്ക് പുറമെ പല യൂറോപ്യൻ രാജ്യങ്ങളിലും അന്ന് തടസ്സം നേരിട്ടിരുന്നു.

മസ്കിന്റെ എക്സ് വീണ്ടും പണിമുടക്കി; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു
M
MadhyamamSource Link
about 1 month ago