മസ്കത്ത്: മസ്‌കത്തിൽ ഈച്ച, കൊതുക് നിയന്ത്രണത്തിന് പ്രതിരോധ കാമ്പയിനുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ഗവർണറേറ്റിലെ എല്ലാ വിലായത്തുകളെയും ഉൾപ്പെടുത്തി കാമ്പയിൻ നടപ്പാക്കുന്നതായും കീട-കൊതുക് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കാര്യക്ഷമമായ നിയന്ത്രണ നടപടികൾ ഉറപ്പാക്കാൻ ഫീൽഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കാമ്പെയയിൻ വിജയകരമാക്കാൻ ഫീൽഡ് ടീമുകളുമായി സഹകരിക്കാൻ പൗരന്മാരോടും പ്രവാസികളോടും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. പൊതുജന പങ്കാളിത്തം പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാദികളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്നും പരിസരം ശുചിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. മത്ര മേഖലയിൽ ജനജീവിതം ദുസ്സഹമാക്കും വിധം ഈച്ച ശല്യം കൂടിയിട്ടുണ്ട്. താമസ സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും ഇത് വല്ലാതെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. തണുപ്പ് മാറി ചൂട് കാലം വരുന്നതിന് മുന്നോടിയായി ഈ സമയങ്ങളില്‍ എല്ലാ വര്‍ഷവും ഈച്ചകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ വര്‍ഷം അത് അല്‍പ്പം കൂടുതലായാണ് കാണപ്പെടുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. മഴ പതിവില്‍ കൂടുതലായി പെയ്തതും ഈച്ചശല്യം വർധിക്കാൻ കാരണമായി പറയപ്പെടുന്നു.

മസ്‌കത്തിൽ ഈച്ച, കൊതുക് നിയന്ത്രണത്തിന് കാമ്പയിൻ
M
MadhyamamSource Link
19 days ago