ചെന്നൈയിൽ കഴിഞ്ഞ വർഷം നടന്ന ഇഫ്താർ വിരുന്നിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും പൊലീസ് പരാതികൾക്കും പിന്നാലെ, ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിൽ റമദാൻ ആഘോഷിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് . ബുധനാഴ്ച വൈകുന്നേരം മാമല്ലപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമം അതീവ ജാഗ്രതയോടെയാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ തവണത്തെ തിരക്കും ബഹളവും ഒഴിവാക്കാൻ ഇത്തവണ 1,000 പേർക്ക് മാത്രമാണ് പ്രവേശനം നൽകിയത്. തമിഴ്‌നാട്ടിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുത്തത്. മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റിൽ ഇല്ലാത്ത ഒരാളെപ്പോലും ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. നേരിട്ട് എത്താൻ കഴിയാത്ത ആരാധകർക്കായി ചടങ്ങുകൾ തത്സമയം ടെലിവിഷൻ വഴി സംപ്രേക്ഷണം ചെയ്തു. 2025ൽ ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്ന് വലിയ വിവാദമായിരുന്നു. ഏകദേശം 3,000ത്തോളം പേർ പങ്കെടുത്ത ആ പരിപാടി മുസ്‌ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. മുസ്‍ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന രീതിയിലാണ് പരിപാടി നടന്നതെന്നും നോമ്പെടുക്കാത്തവർ പങ്കെടുത്തത് വിശുദ്ധിയെ ബാധിച്ചെന്നും പരാതിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തവണ മാമല്ലപുരത്ത് നിയന്ത്രിതമായ രീതിയിൽ വിരുന്ന് നടത്തിയത്. ഒരു ദിവസം പൂർണമായും നോമ്പെടുത്താണ് വിജയ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. 3000ലേറെ ആളുകൾ പങ്കെടുത്ത ചടങ്ങിൽ 15 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. സാധാരണക്കാരായ ആയിരക്കണക്കിനാളുകൾക്ക് വിരുന്നൊരുക്കുകയും ചെയ്തു. വെള്ള തൊപ്പിയണിഞ്ഞ് നോമ്പുതുറക്കെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതിയോടെയാണ് ടി.വി.കെ ഈ പരിപാടി നടത്തിയത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്ന വിജയ്, തന്റെ രാഷ്ട്രീയ അടിത്തറ ഭദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സാമൂഹിക കൂട്ടായ്മകളെ കാണുന്നത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജനനായകൻ' പുറത്തിറങ്ങുന്നതോടെ സിനിമയിൽ നിന്ന് പൂർണമായി മാറി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയ് യുടെ തീരുമാനം.

മാമല്ലപുരത്ത് വിജയ് യുടെ ഇഫ്താർ വിരുന്ന്, നോമ്പെടുത്ത് പ്രാർഥനയിൽ പങ്കാളിയായി താരം; കണിശ നിയന്ത്രണത്തോടെയുള്ള ചടങ്ങിന് മുൻകൂട്ടി ക്ഷണിച്ച 1,000 പേർ മാത്രം
M
MadhyamamSource Link
about 2 months ago