മാലിന്യം നൽകൂ, പകരം പലചരക്ക് സാധനങ്ങൾ സമ്മാനമായി നേടൂ! ഹിറ്റായി 'ഗുഡി ബാഗ്' പദ്ധതി

മാലിന്യം നൽകൂ, പകരം പലചരക്ക് സാധനങ്ങൾ സമ്മാനമായി നേടൂ! ഹിറ്റായി 'ഗുഡി ബാഗ്' പദ്ധതി

M
MadhyamamSource Link
ഹൈദരാബാദ്: നഗരമാലിന്യങ്ങൾ കുറക്കാൻ പരിസ്ഥിതി സൗഹൃദമായ പുതിയൊരു പദ്ധതിയുമായി ഒരു കൂട്ടം യുവാക്കൾ. വീട്ടുപടിക്കൽ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കും പേപ്പറും ഇനി വെറും ചപ്പുചവറുകളല്ല, അവ നിങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങിത്തരുന്ന 'പണമാണ്'. ഹൈദരാബാദിലെ പ്രാദേശിക സ്റ്റാർട്ടപ്പായ 'ഗുഡി ബാഗ്' ആണ് മാലിന്യത്തിന് പകരമായി പലചരക്ക് സാധനങ്ങൾ സമ്മാനമായി നൽകുന്ന വിപ്ലവകരമായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിനൊപ്പം ജനങ്ങൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, മെറ്റൽ, തുണിത്തരങ്ങളാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഗുഡി ബാഗ് ആപ് ഡൗൺലോഡ് ചെയ്ത് ഒരു പിക്ക്-അപ് ഷെഡ്യൂൾ ചെയ്താൽ മതി, ജീവനക്കാർ വീട്ടിലെത്തി മാലിന്യം കൊണ്ടുപോകും. എത്ര കുറഞ്ഞ അളവിലുള്ള മാലിന്യവും ഇവർ സ്വീകരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യത്തിന്റെ ഭാരത്തിനനുസരിച്ച് ഉപഭോക്താക്കൾക്ക് പോയന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ ഉപയോഗിച്ച് ആപ്പിലൂടെ പലചരക്ക് സാധനങ്ങളോ മറ്റു നിത്യോപയോഗ സാധനങ്ങളോ വാങ്ങാം. 72 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നതും പ്രത്യേകതയാണ്. അഭിഷേക് അഗർവാൾ എന്ന യുവാവ് 2022ലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. നിലവിൽ 30,000ത്തോളം ഉപഭോക്താക്കൾ ഈ ആപ് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 90,000 കിലോയോളം മാലിന്യം ശേഖരിച്ച് പുനരുപയോഗത്തിനായി അയച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിലത്ത് വിരിക്കുന്ന ടൈലുകൾ വരെ നിർമിക്കുന്നുണ്ട്. കുട്ടികൾക്കായി പുസ്തകങ്ങൾ നൽകിയാൽ സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണുകൾ നൽകുന്ന പദ്ധതിയും സ്കൂളുകൾ കേന്ദ്രീകരിച്ച് ഇവർ നടത്തുന്നുണ്ട്. ഹൈദരാബാദിൽ വൻ വിജയമായ ഈ മാതൃക വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഗുഡി ബാഗ് അധികൃതരുടെ തീരുമാനം. നമ്മുടെ വീടിന് ചുറ്റുമുള്ള മാലിന്യങ്ങൾ കുറക്കുന്നതിനൊപ്പം വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ സൗജന്യമായി ലഭിക്കുന്നത് വലിയൊരു ആശ്വാസമാണെന്നാണ് നഗരവാസികൾ പറയുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യം നൽകൂ, പകരം പലചരക്ക് സാധനങ്ങൾ സമ്മാനമായി നേടൂ! ഹിറ്… | Boolokam