കോഴിക്കോട്: മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വർധന. കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവായ 1622.17 കോടി രൂപയില്‍നിന്ന് 1774.28 കോടിയായാണ് വർധിച്ചത്. പാല് വിൽപന 5.1 ശതമാനവും തൈര് 3.6 ശതമാനവും നെയ്യ് 21.8 ശതമാനവും ഐസ്ക്രീം 19.6 ശതമാനവും വർധിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയതുള്‍പ്പെടെ മേഖല യൂനിയന്റെ 57 വ്യത്യസ്ത ഉത്പന്നങ്ങള്‍ വിപണിയില്‍ വലിയ സ്വീകാര്യത നേടി. പാല് വില്പന 5.1 ശതമാനമായി വര്‍ധിച്ചപ്പോള്‍ മൂല്യ വർധിത ഉത്പന്നങ്ങളും വിപണിയില്‍ നേട്ടം കൊയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പന്ന വിപണിയില്‍ 18.7 ശതമാനം വർധനവോടെ 516 കോടി രൂപയുടെ വിറ്റുവരവുണ്ടായി. നെയ്യ്, പാലട, പനീര്‍, ഡെയറി വൈറ്റ്നര് എന്നീ ഉത്പന്നങ്ങള്‍ വിദേശ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 11 ശതമാനം വില്പന വർധനവാണ് വിദേശ വിപണയില്‍ ഉണ്ടായത്. പാല് സംഭരണത്തില്‍ 11.7 ശതമാനം വര്‍ധനവുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷം പ്രതിദിനം ശരാശരി പാല് സംഭരണം 6,13,437 ലിറ്ററായിരുന്നത് 2025-26 സാമ്പത്തിക വര്‍ഷം 6,85,075 ലിറ്ററായി ഉയര്‍ന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വിലയായി 1165 കോടി രൂപ നല്കി. അധിക പാല്‍വിലയും മറ്റ് ആനുകൂല്യങ്ങളുമായി 75 കോടിയോളം രൂപയാണ് നല്‍കിയത്. മൊത്തം 1240 കോടിയോളം രൂപയാണ് ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി മലബാര്‍ മില്‍മ നല്‍കിയത്. ക്ഷീരകര്‍ഷകരുടെ വരുമാന വർധനവിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖല യൂനിയന്‍ പാല് നല്കിയ ക്ഷീരകര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ കാലിത്തീറ്റ സബ്സിഡി അനുവദിച്ചിരുന്നു.

മില്‍മ വിറ്റുവരവില്‍ 152.11 കോടിയുടെ വർധന
M
MadhyamamSource Link
about 1 month ago