സീതാപൂർ: സൗദിയിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശി രവി ഗോപാലിന്‍റെ (26) കുടുബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ബുധനാഴ്ച്ചയാണ് രവിയുടെ മൃതദേഹം വിദേശ കാര്യ മന്ത്രാലയത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സഹായത്തോടെ സൗദിയിൽ നിന്നും സ്വന്തം ഗ്രാമമായ സീതാപൂരിലെത്തിച്ചത്. അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ വൈകുന്നേരം നിർവഹിച്ചു. റിയാദിലെ പ്ലാസ്റ്റിക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന രവിക്ക് വിടനൽകാൻ നിരവധിപേരാണ് എത്തിച്ചേർന്നത്. പ്രാദേശിക ഉദ്യോഗസ്തരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രവിയുടെ മൂത്ത സഹോദരനാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഭാര്യയും മാതാപിതാക്കളും നാലുവയസുകാരൻ മകനും അടങ്ങുന്നതായിരുന്നു രവിയുടെ കുടുംബം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും രവിയുടെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബി.ജെ.പി എം.എൽ.എ ആശ മൗര്യ പറഞ്ഞു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ കുടുബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബന്ധുക്കൾ
M
MadhyamamSource Link
about 1 month ago