മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ തുടരുന്നു; റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതീവ ജാഗ്രത

മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ തുടരുന്നു; റിയാദിലും കിഴക്കൻ പ്രവിശ്യയിലും അതീവ ജാഗ്രത

M
MadhyamamSource Link
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി എത്തിയ വൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. വ്യാഴാഴ്ച പുലർച്ചയും രാവിലെയുമായി റിയാദ്, കിഴക്കൻ പ്രവിശ്യ, യാംബു എന്നിവിടങ്ങളിലായി ആകെ 27 ഡ്രോണുകളും മൂന്ന്​ ബാലിസ്റ്റിക് മിസൈലുകളുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകളും രണ്ട് ബാലിസ്​റ്റിക് മിസൈലുകളുമാണ് ആദ്യം തകർത്തത്. പിന്നീട് രാവിലെ നടന്ന ആക്രമണശ്രമത്തിൽ റിയാദിലും കിഴക്കൻ മേഖലയിലുമായി 13 ഡ്രോണുകൾ കൂടി പ്രതിരോധ സേന തകർത്തു. ഇതിന് പിന്നാലെ ഉച്ചയോടെ യാംബു നഗരത്തിന് നേരെ വന്ന ഒരു ബാലിസ്​റ്റിക് മിസൈൽ കൂടി വെടിവെച്ചിട്ടതോടെ വ്യാഴാഴ്​ച മാത്രം തടഞ്ഞ ആക്രമണങ്ങളുടെ എണ്ണം 30 ആയി ഉയർന്നു. ആക്രമണ ഭീഷണി നിലനിന്ന സാഹചര്യത്തിൽ നാഷനൽ ഏർളി വാണിങ്​ പ്ലാറ്റ്‌ഫോം വഴി കിഴക്കൻ പ്രവിശ്യയിലും യാംബു ഗവർണറേറ്റിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ കഴിയണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ജനലുകൾക്കും ഗ്ലാസ് പ്രതലങ്ങൾക്കും അടുത്തുനിന്ന് മാറിനിൽക്കാനും അധികൃതർ ആവശ്യപ്പെട്ടു. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അറിയിപ്പ് ലഭിച്ചതോടെയാണ് ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയത്. ബുധനാഴ്ചയും സമാനമായ രീതിയിൽ വലിയ തോതിലുള്ള ആക്രമണശ്രമങ്ങൾ ഉണ്ടായതായി മേജർ ജനറൽ അൽ മാലിക്കി വെളിപ്പെടുത്തി. റിയാദിലെ എംബസി മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ ഉൾപ്പെടെ 22 ഡ്രോണുകളും വിവിധയിടങ്ങളിലായി 10ഓളം മിസൈലുകളുമാണ് ബുധനാഴ്​ച മാത്രം തകർത്തത്. ഇതിൽ അഞ്ച്​ ഡ്രോണുകൾ ഒരു ഊർജ പ്ലാന്റിന് സമീപം എത്തിയതായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തി​ന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ തുടരുന്നു; റിയാദിലും കിഴക്കൻ പ്ര… | Boolokam