മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരണം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരണം: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

M
MadhyamamSource Link
ഒറ്റപ്പാലം: വേങ്ങശ്ശേരി അകവണ്ടയിലെ തോട്ടിലെ തടയണക്ക് സമീപം മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ. വേങ്ങശ്ശേരി തുരുത്തി കഴായിൽ പാലം വല്ലേംകുന്നത്ത് സന്തോഷ് (33), സനൽ (31) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പാറ പുലാപ്പറ്റശ്ശേരി പൊട്ടച്ചീനിക്കൽ വീട്ടിൽ അനൂപ് (33) മരിച്ച കേസിൽ മനഃപൂർവമായ നരഹത്യക്കാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അത്യാഹിതം. അറസ്റ്റിലായ കൂട്ടുകാരുമൊത്ത് തോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു അനൂപ്. ഇൻവെർട്ടർ ബാറ്ററി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അനൂപ് ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കൾ രണ്ട് പേരും തോടിന്റെ കരയിലും അനൂപ് വെള്ളത്തിലുമായിരുന്നു. ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായ അനൂപിനെ സുഹൃത്തുക്കൾ ഇരുവരും ചേർന്ന് അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്തോഷിനെയും സനലിനെയും കോടതി റിമാൻഡ് ചെയ്തു. മീൻ പിടിക്കാൻ ഉപയോഗിച്ച ബാറ്ററിയും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ട്. ഇവ ശേഖരിക്കുന്നതിനും തെളിവെടുപ്പിനുമായി കോടതി മുഖേന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!