മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും

മുഖ്യമന്ത്രി പദം: കോൺഗ്രസിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ, നേതാക്കൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെയോ അല്ലാതെയോ യാതൊരുവിധ പരസ്യ പ്രതികരണങ്ങളും നടത്തരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കർശന നിർദേശം നൽകി. വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹി ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കാണുന്ന അദ്ദേഹം മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചാവിഷയമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയിൽ വന്നേക്കും. കെ.സി. വേണുഗോപാലിനെ അനുകൂലിച്ചും വി.ഡി. സതീശനായി വാദിച്ചും നേതാക്കളും അണികളും ചേരിതിരിഞ്ഞതോടെയാണ് പാർട്ടി കർശന നിലപടിലേക്ക് നീങ്ങിയത്. കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയെ ഒരു വിഭാഗം നേതാക്കൾ ഏറ്റുപിടിച്ചപ്പോൾ, ഇതിനെ പ്രതിരോധിക്കാൻ വി.ഡി. സതീശൻ അനുകൂലികൾ സൈബർ ഇടങ്ങളിൽ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കെ.സി-വി.ഡി പോര് പരസ്യമായതോടെ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്ന രമേശ് ചെന്നിത്തലയുടെ ഡൽഹി സന്ദർശനം ഈ അധികാര തർക്കങ്ങളിൽ പുതിയ വഴിത്തിരിവാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!