മുപ്പതുകളിൽ തന്നെ കൊളസ്ട്രോൾ മരുന്നുകൾ തുടങ്ങാം; ഹൃദയാരോഗ്യത്തിന് പുതിയ മാർഗ്ഗനിർദേശങ്ങളുമായി വിദഗ്ധർ

മുപ്പതുകളിൽ തന്നെ കൊളസ്ട്രോൾ മരുന്നുകൾ തുടങ്ങാം; ഹൃദയാരോഗ്യത്തിന് പുതിയ മാർഗ്ഗനിർദേശങ്ങളുമായി വിദഗ്ധർ

M
MadhyamamSource Link
ഹൃദയാഘാതവും സ്ട്രോക്കും തടയുന്നതിനായി കൊളസ്ട്രോൾ നിയന്ത്രണം മുപ്പതാം വയസ്സിൽ തന്നെ ആരംഭിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ പുതിയ നിർദേശം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ മെഡിക്കൽ സംഘടനകളാണ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊളസ്ട്രോൾ ചികിത്സ നേരത്തെ തുടങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ഫലം നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി മധ്യവയസ്കർക്കും പ്രായമായവർക്കും മാത്രമായിരുന്നു കൊളസ്ട്രോൾ പരിശോധനയും ചികിത്സയും നിർദേശിച്ചിരുന്നത്. എന്നാൽ, രക്തത്തിലെ 'ചീത്ത കൊളസ്ട്രോൾ' എന്ന് വിളിക്കപ്പെടുന്ന എൽ.ഡി. എൽ കൊളസ്ട്രോൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരുന്നത് രക്തധമനികളെ നിശബ്ദമായി നശിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് പിൽക്കാലത്ത് ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് കാരണമാകും. അതുകൊണ്ട് എൽ.ഡി.എൽ കൊളസ്ട്രോൾ നില 160 mg/dLന് മുകളിലുള്ളവരും, കുടുംബപരമായി ഹൃദ്രോഗ പാരമ്പര്യമുള്ളവരും മുപ്പതാം വയസ്സിൽ തന്നെ സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ കഴിക്കുന്നത് പരിഗണിക്കണം. ബോർഡർലൈൻ റിസ്ക് ഉള്ളവർ 100 mg/dLൽ താഴെയാക്കാൻ ശ്രദ്ധിക്കണം. ഹൃദ്രോഗസാധ്യത വളരെ കൂടുതലുള്ളവർ ഇത് 55 mg/dLൽ താഴെയായി നിലനിർത്തണം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയാണ് ആദ്യ പ്രതിരോധ മാർഗ്ഗങ്ങൾ. എങ്കിലും അപകടസാധ്യതയുള്ളവർ മരുന്നുകൾ ഒഴിവാക്കരുത്. ഹാനികരമായ ലിപ്പോപ്രോട്ടീനുകളുടെ പ്രഭാവം കുറക്കാൻ ചെറുപ്പത്തിലേ ചികിത്സ തുടങ്ങുക, ഹൃദ്രോഗസാധ്യത മുൻകൂട്ടി അറിയാൻ PREVENT റിസ്ക് ഇക്വേഷനുകൾ ഉപയോഗിക്കുക, പ്രമേഹം, വൃക്കരോഗം, എച്ച്.ഐ.വി എന്നിവയുള്ളവർക്ക് കൊളസ്ട്രോൾ നില പരിഗണിക്കാതെ തന്നെ ചികിത്സ തുടങ്ങിയ കാര്യങ്ങളും പുതിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഹൃദ്രോഗസാധ്യത ശരീരത്തിൽ രൂപപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ 'പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്' എന്ന തത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ നിർദേശങ്ങൾ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുപ്പതുകളിൽ തന്നെ കൊളസ്ട്രോൾ മരുന്നുകൾ തുടങ്ങാം; ഹൃദയാരോഗ്യ… | Boolokam