കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയെ എതിർത്തത് കൊണ്ടാണ് സീറ്റ് ലഭിക്കാതിരുന്നത് എന്ന എളമരം കരീമിന്‍റെ പ്രസ്താവനക്കെതിരെ എം.കെ മുനീർ. മുസ്‍ലീം ലീഗ് ജമാഅത്തെ ഇസ്‍ലാമിയുടെ പിടിയിലല്ല. ജമാഅത്തെ ഇസ്‍ലാമി വിചാരിച്ചാൽ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റിനിർത്താൻ കഴിയില്ല. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും മുനീർ പറഞ്ഞു. തന്‍റെ ആരോഗ്യപരമായ കാരണങ്ങളെ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. ജമാഅത്തെ ഇസ്‍ലാമിയെ വിമർശിച്ചത് കൊണ്ടല്ല തന്‍റെ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടത്. ആരുടെയെങ്കിലും ആവശ്യപ്രകാരം ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പതിവല്ല മുസ്‍ലീം ലീഗിനുള്ളത്. കൃത്യമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. എന്ന് മുതലാണ് ജമാഅത്തെ ഇസ്‍ലാമി എൽ.ഡി.എഫിനും സി.പി.എമ്മിനും എതിർത്ത് നിൽക്കുന്നവരായി മാറിയതെന്നു കൂടി അവർ വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയും എൽ.ഡി.എഫും പലയിടത്തും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. അന്ന് ഇല്ലാതിരുന്ന വെറുപ്പ് ഇപ്പോൾ എങ്ങനെ ഉണ്ടായെന്ന് എൽ.ഡി.എഫ് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ മുനീറിനെ മുസ്‍ലിം ലീഗ് സ്ഥാനാർഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്‍ലാമിയുടെ ഇടപെടൽ കാരണമാണെന്ന് സി.പി.എം നേതാവ് എളമരം കരീം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‍ലാമിയോട് മുനീർ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. മത്സരിപ്പിക്കാത്തത് അനാരോഗ്യം കൊണ്ട് മാത്രമെന്ന വാദത്തിൽ കഴമ്പില്ല. ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർ.എസ്.എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്‍ലായുടേത്. അവർ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമാണ്. ലീഗിലെ സമുന്നത നേതാക്കൾ നേരത്തെതന്നെ അതിനെതിരെ ആദർശപരമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു എന്നാണ് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞത്.

മുസ്‍ലീം ലീഗ് ജമാഅത്തെ ഇസ്‍ലാമിയുടെ പിടിയിലല്ല, വിമർശിച്ചത് കൊണ്ടല്ല സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടത് -എളമരം കരീമിനെതിരെ എം.കെ. മുനീർ
M
MadhyamamSource Link
about 1 month ago