തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാരിന്റെയും പാർട്ടിയുടെയും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ ചുവയോടെയുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിലൂടെ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എം.എം. വർഗീസ്, ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. ടി.എസ്. കല്യാണരാമന് അഞ്ച് ലക്ഷം വീതം നൽകും കൊച്ചി: തൃശൂരിലെ ദാരുണ സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജുവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമന് അഞ്ചുലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാനുള്ള നടപടികൾ കല്യാണ്‍ ജൂവലേഴ്സ് സ്വീകരിക്കും. ടി.എസ്. കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. സഹായം പ്രഖ്യാപിച്ച് യൂസഫലി കൊച്ചി: വെടിക്കെട്ട് ദുരന്തബാധിതർക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തബാധിതർക്ക് ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മണപ്പുറം ഫിനാന്‍സ് 50,000 രൂപ നൽകും തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മണപ്പുറം ഫിനാൻസ് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.പി. നന്ദകുമാർ അറിയിച്ചു.

മുണ്ടത്തിക്കോട് ദുരന്തം; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം -എം.വി. ഗോവിന്ദൻ
M
MadhyamamSource Link
18 days ago