റാസല്‍ഖൈമ: റാക് സാമ്പത്തിക വികസന വകുപ്പ് (റാക് ഡി.ഇ.ഡി) ഈ വര്‍ഷം ആദ്യ പാദത്തില്‍ 10,755 ഇലക്ട്രോണിക് അപേക്ഷകള്‍ വിജയകരമായി കൈകാര്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റിലെ വ്യാപാര പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും സേവന വിതരണത്തില്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമായി ഡിജിറ്റല്‍ സേവനങ്ങള്‍ വ്യാപിപ്പിച്ചതോടെയാണ് നേട്ടം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ വാണിജ്യ ലൈസന്‍സുകള്‍, പുതിയ ലൈസന്‍സുകള്‍ അനുവദിക്കല്‍, നിലവിലുള്ള ലൈസന്‍സുകളിലെ ഭേദഗതികള്‍ എന്നിവ ഉള്‍പ്പെടും. റാസല്‍ഖൈമയിലെ വര്‍ധിച്ചുവരുന്ന സാമ്പത്തികമായ ഉണർവും സര്‍ക്കാര്‍ ഇ സേവനങ്ങളിലെ വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് റാക് ഡി.ഇ.ഡി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. റാക് ഡി.ഇ.ഡി ഇ സേവനങ്ങള്‍ നൂറു ശതമാനം പ്രവര്‍ത്തനക്ഷമമാണെന്ന് കൊമേഴ്സ്യല്‍ വകുപ്പ് ഡയറക്ടര്‍ ആയിഷ ഉബൈദ് അല്‍ അയ്യാന്‍ വ്യക്തമാക്കി. സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ മുഴുവന്‍ ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ കഴിയും വിധമാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്‍റെ രൂപകല്‍പ്പന. നിക്ഷേപകരുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 53 സമഗ്ര ഇ സേവനങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടപാടുകള്‍ വേഗത്തിലാക്കുകയും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ ഇത് നിര്‍ണായക പങ്കുവഹിക്കുന്നു. ഡിജിറ്റല്‍ സേവനങ്ങളുടെ തുടര്‍ച്ചയായ വികസനം, ലൈസന്‍സിങ് നടപടി ക്രമങ്ങളുടെ ലളിതവത്കരണം, സേവന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലാണ് റാക് ഡി.ഇ.ഡിയുടെ ഊന്നല്‍. റാസല്‍ഖൈമയുടെ സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തന തന്ത്രവുമായി ചേർന്ന്നിൽക്കുന്നതാണ് സാമ്പത്തിക വികസനവകുപ്പിന്‍റെ ഇ പ്ലാറ്റ്ഫോം. യു.എ.ഇയുടെ സ്മാര്‍ട്ട് ഗവ. ദൗത്യവുമായി ഏകോപിപ്പിച്ച് ഡിജിറ്റല്‍ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സൗഹൃദ കേന്ദ്രമായി റാസല്‍ഖൈമയുടെ സ്ഥാനം ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മൂന്നുമാസത്തിനിടെ കൈകാര്യം ചെയ്തത് 10,755 ഇ-അപേക്ഷകൾ
M
MadhyamamSource Link
19 days ago