മൂന്ന് പതിറ്റാണ്ടത്തെ ഐ.എൻ.എൽ ബന്ധം ഉപേക്ഷിച്ച് എ.എം. അബ്ദുല്ല കുട്ടി; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

മൂന്ന് പതിറ്റാണ്ടത്തെ ഐ.എൻ.എൽ ബന്ധം ഉപേക്ഷിച്ച് എ.എം. അബ്ദുല്ല കുട്ടി; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

ജിദ്ദ: 32 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് എ.എം. അബ്ദുല്ല കുട്ടി ഐ.എൻ.എല്ലിൽ നിന്നും പാർട്ടി പ്രവാസി ഘടകമായ ഐ.എം.സി.സിയിൽ നിന്നും രാജിവെച്ചു. ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. പാർട്ടി നിലവിൽ കേവലം എൽ.ഡി.എഫിന്റെ സ്തുതിപാഠകരായി മാറിയെന്നും ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുയായികൾക്ക് തലയുയർത്തി നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി അസ്തിത്വം നഷ്ടപ്പെട്ട നിലയിൽ ഇനിയും പാർട്ടിയിൽ തുടരുന്നത് മനസ്സാക്ഷിയോടുള്ള വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം അദ്ദേഹം രാജി പ്രഖ്യാപിച്ചത്. നേതൃത്വത്തിനിടയിലെ വിഭാഗീയതയും പരസ്പര വിശ്വാസമില്ലായ്മയും പാർട്ടിയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സമുദായം നേരിടുന്ന വെല്ലുവിളികളിൽ നിശബ്ദത പാലിക്കുന്ന നേതൃത്വം, വർഗീയ നിലപാടുകൾക്കെതിരെ പ്രതികരിക്കുന്നതിന് പകരം അന്യരുടെ ആജ്ഞാനുസരണം വിട്ടുവീഴ്ചകൾ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യവും സമൂഹവും സമുദായവും നേരിടുന്ന നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന സമയത്തും നിർലജ്ജം നിശബ്ദത പുലർത്തുന്ന നേതൃത്വങ്ങൾക്ക് എങ്ങിനെ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പിന്മുറക്കാർ എന്നവകാശപ്പെടാൻ കഴിയും. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലിനെതിരെ മതേതര സമൂഹം മുഴുവൻ രംഗത്ത് വന്നപ്പോഴും നാഷനൽ ലീഗ് നേതൃത്വം കൈകൊണ്ട നിലപാട് ആപത്കരമായിരുന്നു. മറ്റാരുടെയോ ആജ്ഞ പ്രകാരം വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തെ ന്യായീകരിക്കാനുള്ള ശ്രമം പൊതു സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കി. നാളിതുവരെ പാർട്ടിയുടെ ആവശ്യങ്ങൾ ഒന്നു പോലും എൽ.ഡി.എഫിൽ നിന്ന് നേടാൻ കഴിയാതെ ഇനിയും അവരിൽ നിന്നെന്തെങ്കിലും ഔദാര്യം പ്രതീക്ഷിച്ചുള്ള ഈ യാത്ര ലജ്ജാകരമാണ്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കാലം തേടുന്ന രാഷ്ട്രീയ നിലപാടുകളെടുക്കാനും നയനിലപാടുകൾ രൂപപ്പെടുത്തുന്നതിലും പാർട്ടി സമ്പൂർണ പരാജയമാണ്. ചൂരൽമലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിച്ച നാഷനൽ ലീഗ്, പിന്നീട് തുടർ പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിയുന്നതാണ് കണ്ടത്. പതിനഞ്ചോളം വീട് നിർമിക്കാനുള്ള എല്ലാ സാമ്പത്തിക ക്രമീകരണങ്ങളും ഒരുക്കി നേതൃത്വത്തോട് ചൂരൽമലയിൽ പോയി സ്ഥലമെടുക്കാൻ ആവശ്യപ്പെട്ടിട്ടും ഒരിക്കൽ പോലും അവിടെ പോവാൻ തയാറാവാതെ ആ പദ്ധതി നടക്കാത്ത സാഹചര്യം സൃഷ്ടിച്ചു. പാർട്ടി നടത്തിയ താൽക്കാലിക പുനരധിവാസ ഉദ്ഘാടന പരിപാടിയിൽ ഒരു പ്രമുഖ നേതാവിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നതാണ് ആ പദ്ധതിയുമായി മുന്നോട്ട് പോവാൻ കഴിയാതിരുന്നത് എന്ന ആശ്ചര്യപ്പെടുത്തുന്ന കാരണമാണ് അറിയാൻ കഴിഞ്ഞതെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കീഴ്ഘടകം എന്ന നിലയിൽ ഐ.എം.സി.സി കഴിയാവുന്ന സഹായങ്ങൾ പല സന്ദർഭങ്ങളിലും യഥേഷ്ടം നൽകിയിരുന്നു. പക്ഷെ പാർട്ടിയുടെ പ്രധാന നയരൂപീകരണ ചർച്ചകളിൽനിന്ന് ഐ.എം.സി.സിയെ ബോധപൂർവം മാറ്റി നിർത്തി. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കഴിഞ്ഞ വർഷം തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനവും ഐ.എം.സി.സി ജി.സി.സി ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നെങ്കിലും, പ്രവർത്തകർക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇപ്പോൾ പൊതുമധ്യത്തിൽ രാജി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൂന്ന് പതിറ്റാണ്ടത്തെ ഐ.എൻ.എൽ ബന്ധം ഉപേക്ഷിച്ച് എ.എം. അബ്ദു… | Boolokam