റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ജപ്പാൻ പ്രധാനമന്ത്രി സനായി താകയിച്ചിയുമായി ചർച്ച നടത്തി. വ്യാഴാഴ്ച ജപ്പാൻ പ്രധാനമന്ത്രി കിരീടാവകാശിയെ ഫോണിൽ വിളിച്ചാണ് പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ സംസാരിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന സുരക്ഷ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി വിലയിരുത്തി. യുദ്ധസമാനമായ സാഹചര്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചർച്ചയുടെ പ്രധാന ഭാഗമായി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെ ഇരുപക്ഷവും പിന്തുണച്ചു. അന്താരാഷ്ട്ര വിപണിയിലേക്കുള്ള ചരക്ക് നീക്കത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കാത്ത തരത്തിൽ സമുദ്ര ഗതാഗതത്തിെൻറ സുരക്ഷ ഉറപ്പാക്കേണ്ടതിെൻറ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ആഗോള സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിൽ നാവിക പാതകളുടെ സുരക്ഷ നിർണായകമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ ചർച്ചയിൽ അഭിനന്ദിച്ചു. നിലവിലുള്ള വിവിധ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ മേഖലകളിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരുവരും ആരാഞ്ഞു. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വരും നാളുകളിൽ കൂടുതൽ കരുത്തുറ്റതാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സൗദി-ജപ്പാൻ ചർച്ച; കിരീടാവകാശിയും ജപ്പാൻ പ്രധാനമന്ത്രിയും ആശയവിനിമയം നടത്തി
M
MadhyamamSource Link
17 days ago