റിയാദ്: പശ്ചിമേഷ്യയിലെ സങ്കീർണ സാഹചര്യങ്ങളും സുരക്ഷ വെല്ലുവിളികളും മുൻനിർത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലിഫോണിൽ ചർച്ച നടത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന പുതിയ സംഭവവികാസങ്ങളെയും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ഇരുനേതാക്കളും ഗൗരവത്തോടെ വിലയിരുത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾക്കെതിരെ ഇറാൻ തുടർച്ചയായി നടത്തുന്ന നീക്കങ്ങൾ മേഖലയുടെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ഇത്തരം പ്രകോപനങ്ങൾ അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുക. തങ്ങളുടെ ഭൂപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷാ ഭീഷണികളെ ചെറുക്കാനും ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും പറഞ്ഞു. മേഖലയിലെ സ്ഥിരത നിലനിർത്താൻ ഐക്യത്തോടെയുള്ള നീക്കങ്ങൾ അനിവാര്യമാണെന്ന് ഇരുവരും അടിവരയിട്ടു.

മേഖലയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൗദി കിരീടാവകാശിയും യു.എ.ഇ പ്രസിഡന്റും ചർച്ച നടത്തി
M
MadhyamamSource Link
about 2 months ago