മുംബൈ: മഹാരാഷ്ട്രയിലെ സാങ്ക്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് മക്കളെ തലകീഴായി കെട്ടിത്തൂക്കി പിതാവിന്റെ ക്രൂര മർദനം. സംഭവത്തിൽ പത്ത് വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടു. 11 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് ദാദു ഹൈബത്ത് യാംഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികൾക്കെതിരെ അയൽവാസികൾ മോഷണക്കുറ്റം ആരോപിച്ചതാണ് ദാദുവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് 10 വയസ്സുള്ള സനികയെയും 11 വയസ്സുള്ള അനൂജയെയും വീടിനുള്ളിലെ ഇരുമ്പ് കമ്പിയിൽ കൈകാലുകൾ കെട്ടിയിട്ട് ഇയാൾ തലകീഴായി തൂക്കി. രാത്രി മുഴുവൻ കുട്ടികൾ വേദന കൊണ്ട് കരഞ്ഞെങ്കിലും ദാദു അവരെ അഴിച്ചുവിട്ടില്ല. ദാഹിച്ചു വലഞ്ഞ കുട്ടികൾ വെള്ളത്തിനായി യാചിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടികളുടെ മുത്തച്ഛൻ എത്തി അവരെ അഴിച്ചുമാറ്റുന്നത് വരെ ഈ ക്രൂരത തുടർന്നു. മുത്തച്ഛൻ കുട്ടികളെ കെട്ടഴിക്കുമ്പോഴേക്കും സനിക മരണപ്പെട്ടിരുന്നു. അനൂജ ബോധരഹിതയായ നിലയിലായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛനെ ദാദു മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ദാദുവിന്റെ പിതാവിന് പരിക്കേറ്റിട്ടുണ്ട്. സംഭവം പുറംലോകം അറിയാതിരിക്കാൻ സനികയുടെ സംസ്കാരം രഹസ്യമായി നടത്താൻ കുടുംബാംഗങ്ങൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂജ ബോധം വീണ്ടെടുത്ത് ഡോക്ടർമാരോട് കാര്യങ്ങൾ വിവരിച്ചതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. പ്രതിയായ ദാദു തന്റെ ഭാര്യയെയും സമാനമായ രീതിയിൽ ക്രൂരമായി കൊലപ്പെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. ശ്വാസം മുട്ടിച്ചും മുഖത്ത് കുത്തിയുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സാങ്ക്ളി പൊലീസ് അറിയിച്ചു.

മോഷണക്കുറ്റം ആരോപിച്ച് പിതാവിന്റെ ക്രൂരത: പെൺമക്കളെ കെട്ടിത്തൂക്കി, ഒരാൾക്ക് ദാരുണാന്ത്യം
M
MadhyamamSource Link
about 1 month ago