തൂത്തുക്കുടി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും, ട്രംപ് പറയുന്നത് അനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ പറഞ്ഞു. അമേരിക്കൻ നേതൃത്വത്തിൽ ഇറാൻ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനം ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു. ‘‘ട്രംപ് പറഞ്ഞു, അടുത്ത നിമിഷം മോദി വിമാനമെടുത്ത് ഇസ്രായേലിൽ പോയി വന്നു. ട്രംപ് ആവശ്യപ്പെട്ടാൽ മോദി എന്തും ചെയ്യും. ഈ വിധേയത്വത്തിന് പിന്നിൽ എപ്സ്റ്റീൻ ഫയലും അദാനിയുമാണ്’’ -രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ നേതൃത്വം ബി.ജെ.പിക്ക് കീഴടങ്ങിയെന്നും രാഹുൽ ആരോപിച്ചു. ദ്രാവിഡ സംസ്കാരത്തെ വെറുക്കുന്ന ആർ.എസ്.എസാണ് തമിഴ്നാട് ഭരിക്കാൻ ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രാതിനിധ്യമുണ്ടായിരിക്കണം. അതതു സംസ്ഥാനത്തെ ജനങ്ങൾ തന്നെ ആ നാട് ഭരിക്കണം. എന്നാൽ, ബി.ജെ.പി ചിന്തിക്കുന്നത് അങ്ങനെയല്ല. അവർക്ക് എല്ലാവർക്കും ഒരു സംസ്കാരവും ഭാഷയും ഒരു രാജ്യവും എന്ന ചിന്തയാണ് -രാഹുൽ പറഞ്ഞു. ഏപ്രിൽ 23ന് നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും.

മോദിയുടെ ഇസ്രായേൽ സന്ദർശനം ട്രംപിന്റെ നിർദേശപ്രകാരം -രാഹുൽ ഗാന്ധി
M
MadhyamamSource Link
20 days ago