കുമളി: മൂന്നാർ സംസ്ഥാന പാതയിൽ ചക്കുപള്ളം ആറാംമൈലിന് സമീപം വിനോദ സഞ്ചാരികളായ യുവാക്കൾ മദ്യലഹരിയിൽ നാട്ടുകാരെ മർദിച്ചു. നാട്ടുകാരായ മൂന്നുപേർക്ക് പരിക്കേറ്റതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നും ട്രാവലറിൽ യാത്രക്കെത്തിയ 10 പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എരുമേലി, റാന്നി, കൂവപ്പള്ളി, മുക്കൂട്ടുതറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ട്രാവലറിൽ എത്തിയ യുവാക്കൾ. ആറാംമൈൽ, അരമനപടിക്ക് സമീപം റോഡരികിൽ വാഹനം നിർത്തി സമീപത്തെ ഏല തോട്ടത്തിലേക്ക് ഇറങ്ങുകയും പരസ്യമായി മദ്യപിക്കുകയും ചെയ്തത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്. കുമളി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മൂന്ന് വാഹനങ്ങളിൽ പൊലീസ് സംഘമെത്തി അക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നു. സംഘർഷത്തിൽ സി.പി.എം അണക്കര ലോക്കൽ കമ്മിറ്റി അംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു (26), ആരോമൽ സജി (26), ബിനു ബേബി (26), പി.എൻ. ജെസിൽ (30), റാന്നി സ്വദേശികളായ അനന്ദു അജി, അഖിൽ അജി (29) കൂവപ്പള്ളി സ്വദേശികളായ ഗോകുൽ രാജ് (31)ജീവൻ ചാക്കോ (25) അലൻ ജോൺ (28) മുക്കൂട്ടുതറ സ്വദേശി അഖിൽ രാജ് എന്നിവരെ കുമളി ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മദ്യലഹരിയിൽ നാട്ടുകാർക്ക് മർദനം: വിനോദ സഞ്ചാരികളായ 10 യുവാക്കൾ അറസ്റ്റിൽ
M
MadhyamamSource Link
21 days ago