മറയൂർ: വേനൽചൂട് കത്തിയാളുന്നതിനിടെ മറയൂർ മേഖലയിൽ ആശങ്കയായി കാട്ടുതീ വ്യാപകം. മൂന്നു ദിവസത്തിനിടെ മറയൂർ മലനിരകളിലും വട്ടവടയിലും സ്വകാര്യ ഭൂമിയും വനമേഖലയും വ്യാപകമായി കത്തിനശിച്ചു. കഴിഞ്ഞദിവസം കാന്തല്ലൂർ അഞ്ചുനാട് കോളജ് ഓഫ് അപ്ലൈഡ് സയൻസസ് കാമ്പസിലേക്ക് തീ പടർന്നതിനെത്തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. ഉച്ചക്ക് ഒരു മണിയോടെ സമീപത്തെ കാരയൂർ ഭാഗത്തുനിന്ന് ആരംഭിച്ച കാട്ടുതീയാണ് ശക്തമായ കാറ്റടിച്ചതോടെ കോളജ് കാമ്പസിലേക്ക് വ്യാപിച്ചത്. കെട്ടിടത്തിന് പുറത്തുള്ള സർവിസ് വയറുകൾക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പഴയ കസേരകൾ, ടെറസിന് മുകളിൽ കിടന്ന കരിയിലകൾ എന്നിവയിലേക്ക് തീ പടർന്നു. കുടിവെള്ള പൈപ്പുകളും കത്തിനശിച്ചു. കാമ്പസിനുള്ളിൽ 150ലധികം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നു. തീ കെട്ടിടത്തിനുള്ളിലേക്ക് പടരാതിരിക്കാൻ വിദ്യാർഥികളും ജീവനക്കാരും വെള്ളമെത്തിച്ച് തീയണക്കാൻ ശ്രമിച്ചു. മറയൂർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി തീപൂർണമായും നിയന്ത്രണവിധേയമാക്കി. മറയൂർ മലനിരകളിലെ തീർഥമല, പെരടിപ്പള്ളം, കാരയൂർ തുടങ്ങിയ മേഖലകളിലും വ്യാപകമായി കാട്ടുതീ പടർന്നിട്ടുണ്ട്. ഇവിടങ്ങളിൽ ഹെക്ടർകണക്കിന് വനഭൂമി മണിക്കൂറുകൾക്കുള്ളിൽ കത്തിനശിച്ചു. ഓരോ വർഷവും കാട്ടുതീ നിയന്ത്രണത്തിനായി വനംവകുപ്പ് വൻതുക ചെലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദ നടപടികൾ ഇല്ലാത്തതിന്റെ തെളിവാണ് ജൈവവൈവിധ്യത്തിന് വരുന്ന വൻ നഷ്ടമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 2022ലെ ജൈവവൈവിധ്യ കൃഷിക്കുള്ള മുഖ്യമന്ത്രിയിൽ നിന്നുള്ള പുരസ്കാരം ലഭിച്ച കോളജാണിത്. അതിനാൽ തന്നെ കാമ്പസിന് ചുറ്റും ജൈവവൈവിധ്യ കൃഷി ഒരുക്കിയിരുന്നു.

മറയൂർ മേഖലയിൽ ആശങ്കയായി കാട്ടുതീ; ഹെക്ടർകണക്കിന് വനഭൂമി കത്തിനശിച്ചു
M
MadhyamamSource Link
20 days ago