പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ഗുരുതരമായ ആരോപണത്തെ 'വ്യക്തിപരമായ സാഹചര്യം' എന്ന് വിശേഷിപ്പിക്കുന്നത് കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കലാണെന്ന് പിന്നണി ഗായിക ചിന്മയി ശ്രീപദ. ഐ.പി.എൽ ക്രിക്കറ്റർ യഷ് ദയാലിന് ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ചിന്മയിയുടെ പരാമർശം. പ്രമുഖ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ അധികാരമുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് ചിന്മയി വിമർശിച്ചു. പണത്തിനും സ്വാധീനത്തിനും വേണ്ടി എത്ര വലിയ കുറ്റത്തെയും മൂടിവെക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നത് ലജ്ജാകരമാണെന്നും ചിന്മയി തുറന്നടിച്ചു. നിയമപരമായി ഒരു പോക്സോ കോടതി ജാമ്യം നിഷേധിച്ച കേസിനെപ്പോലും 'വ്യക്തിപരമായ പ്രശ്നം' എന്ന് വിളിക്കുന്നത് ഇരയായ പെൺകുട്ടിയോടുള്ള അനാദരവാണെന്നും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചിന്മയി വ്യക്തമാക്കി. Yash Dayal has been denied bail in Jaipur by a special POCSO Court - in the accusation of raping a minor. How they report such cases for famous men and for the sake of cricket says everything - ‘Personal Situation.’This India Today report further adds they are being… https://t.co/IQxTOYvozn — Chinmayi Sripaada (@Chinmayi) March 24, 2026 ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കുറ്റാരോപണത്തിൽ യഷ് ദയാലിന് ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പ്രശസ്തരായ വ്യക്തികളും ക്രിക്കറ്റ് താരങ്ങളും ഇത്തരം കേസുകളിൽ പെടുമ്പോൾ അത് വെറും 'വ്യക്തിപരമായ സാഹചര്യം' എന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല. ഈ സാഹചര്യത്തിൽ അവർ താരത്തിന് പിന്തുണ നൽകുന്നു എന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേടാണ്’ എന്നാണ് ചിന്മയി എക്സിൽ കുറിച്ചത്. ചിന്മയി മുമ്പും ഇത്തരത്തിൽ ശബ്ദമുയർത്തിയിട്ടുണ്ട്. സ്പോർട്സ് മേഖലയായാലും സിനിമയായാലും, കുറ്റാരോപിതർക്ക് 'രണ്ടാമതൊരു അവസരം' നൽകാൻ കാണിക്കുന്ന ധൃതിയും ഇരകളെ അവഗണിക്കുന്ന രീതിയും ചിന്മയി നിരന്തരം വിമർശിക്കാറുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സമാനമായ അനുഭവം നേരിടുന്ന മറ്റ് സ്ത്രീകൾക്ക് വേണ്ടി അവർ പ്ലാറ്റ്‌ഫോം ഒരുക്കാറുണ്ട്. നിലവിൽ നേരിടുന്ന നിയമനടപടികൾ കാരണം യഷ് ദയാൽ 2026 ഐ.പി.എൽ സീസണിൽ കളിക്കില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) സ്ഥിരീകരിച്ചു. താരത്തിന്റെ കരാർ റദ്ദാക്കിയിട്ടില്ലെങ്കിലും, നിയമപരമായ വ്യക്തത വരുന്നത് വരെ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല. സീസണിന് മുന്നോടിയായുള്ള പരിശീലന കാമ്പുകളിൽ നിന്നും ദയാൽ വിട്ടുനിൽക്കുകയാണ്.

യഷ് ദയാൽ പീഡകനെന്ന് തുറന്നെഴുതാൻ മാധ്യമങ്ങൾക്കെന്താണ് മടിയെന്ന് ചിന്മയി; ‘പണത്തിന് വേണ്ടി എന്തിനെയും വെള്ളപൂശുന്ന രീതി നാണക്കേട്’
M
MadhyamamSource Link
about 2 months ago