യാംബു: പൂക്കളുടെ അപൂർവ വസന്തോത്സവം നുകരാൻ യാംബുവിലേക്ക് ജനപ്രവാഹം തുടരുന്നു. 16ാമത് യാംബു പുഷ്പോത്സവം കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് സന്ദർശകരാണ് ദിനേന എത്തുന്നത്. മലയാളി കൂട്ടായ്മകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ വാരാന്ത്യങ്ങളിൽ ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ധാരാളം പേർ കുടുംബസമേതം മേള കാണാനെത്തി. സൗദിയിലെ ശ്രദ്ധേയ സാംസ്കാരിക ഉല്ലാസ പരിപാടിയായി മാറിയ പുഷ്പമേളയിൽ ഇത്തവണ സന്ദർശകരെ ആകർഷിക്കാൻ പുതുമയുള്ള ഒരുക്കങ്ങളാണ് യാംബു റോയൽ കമീഷൻ സജ്ജമാക്കിയിട്ടുള്ളത്. മാർച്ച് 23ന് തുടങ്ങിയ മേളയുടെ ആദ്യ ദിനങ്ങളിൽ തന്നെ ജിദ്ദ, മദീന, തബൂക്ക്, മക്ക, ത്വാഇഫ്, ദമ്മാം, അൽ ഖോബാർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മലയാളി വിനോദ യാത്രാസംഘങ്ങൾ വൻതോതിൽ എത്തിയിരുന്നു. ജിദ്ദയിലെ വിവിധ നാട്ടുകൂട്ടായ്മകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യാംബു റോയൽ കമീഷൻ ജിദ്ദ ഹൈവേ റോഡിനോട് ചേർന്ന അൽ മുനാസബാത്ത് പാർക്കിലൊരുക്കിയ ‘ഫ്ലവർ ആൻഡ് ഗാർഡൻ ഫെസ്റ്റിവൽ’ ഏപ്രിൽ 23 വരെ തുടരും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ അഞ്ച് റിയാലിെൻറ പ്രവേശന ടിക്കറ്റാണ് നിശ്ചയിച്ചിട്ടുള്ളത്. 20 റിയാലിെൻറ സീസൺ ടിക്കറ്റും ലഭ്യമാണ്. https://window.rcjy.gov.sa/RCJYReservation/ എന്ന ലിങ്ക് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. പൂക്കളുടെ ഈ അപൂർവ സംഗമം ആസ്വദിക്കാനും പുഷ്പാലംകൃതമായ ഇടങ്ങളിൽ നിന്ന് സെൽഫിയെടുക്കാനുമുള്ള തിരക്ക് നഗരിയിൽ ദൃശ്യമാണ്. രാത്രിയിൽ അരങ്ങേറുന്ന സാംസ്കാരിക കലാ പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമായ അനുഭൂതി പകരുന്നു. വിവിധ സ്റ്റാളുകളിൽ സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യവും ശ്രദ്ധേയമാണ്. സ്വദേശത്തും വിദേശത്തുമുള്ള പ്രശസ്ത കമ്പനികളുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വിശാലമായ പാർക്കിങ്, വിശ്രമ കേന്ദ്രങ്ങൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ഉല്ലാസ കേന്ദ്രങ്ങൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ടുകൾ, പക്ഷികളുടെ പാർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നമസ്കാര കേന്ദ്രങ്ങൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും പുഷ്പനഗരിയിൽ ഒരുക്കിയിട്ടുണ്ട്.

യാംബു പുഷ്പമേളയിലേക്ക് ജനമൊഴുകുന്നു; സന്ദർശകരായി മലയാളി കുടുംബങ്ങളും പ്രവാസി കൂട്ടായ്മകളും
M
MadhyamamSource Link
about 1 month ago