യാത്ര സുരക്ഷിതമാക്കാം; പാലിക്കേണ്ട നിർദേശങ്ങൾ

യാത്ര സുരക്ഷിതമാക്കാം; പാലിക്കേണ്ട നിർദേശങ്ങൾ

M
MadhyamamSource Link
ദുബൈ: യു.എ.ഇയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ദുബൈ പൊലീസും റോഡ്​ ഗതാഗത അതോറിറ്റിയും പ്രത്യേക സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിന്‍റെ ബ്രേക്ക്, ടയറുകൾ, ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. വിൻഡ്ഷീൽഡ് വൈപ്പറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും വിൻഡോകളും മിററുകളും വൃത്തിയുള്ളതാണെന്നും പരിശോധിക്കണം. റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണം. മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിക്കണം. പെട്ടെന്ന് വേഗത വർധിപ്പിക്കുന്നതോ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതോ ഒഴിവാക്കണം. ട്രാഫിക് സിഗ്നലുകൾ കൃത്യമായി പാലിക്കണം. പച്ച സിഗ്നൽ കണ്ടാലുടൻ വേഗതയിൽ വാഹനം എടുക്കരുത്​. കാഴ്ച വ്യക്തമാക്കാൻ ഹെഡ്‌ലൈറ്റുകളും ആവശ്യമെങ്കിൽ ഫോഗ് ലൈറ്റുകളും ഉപയോഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. ഇത് പുറകിൽ വരുന്ന ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കും. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലൂടെയും ഒഴുക്കുള്ള ഇടങ്ങളിലൂടെയും വാഹനം ഓടിക്കരുത്. ജലനിരപ്പ് കൂടുതലാണെങ്കിൽ യാത്ര ഒഴിവാക്കി ബദൽ മാർഗങ്ങൾ തേടണം. ടണലുകൾക്ക് സമീപവും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണം. അപകടങ്ങൾ ഒഴിവാക്കാൻ റോഡിലോ ലൈൻ മാർക്കിങ്ങുകൾക്ക് സമീപമോ വാഹനം നിർത്താൻ പാടുള്ളതല്ല. വെള്ളത്തിലൂടെ വാഹനം ഓടിച്ച ശേഷം കുറഞ്ഞ വേഗതയിൽ ബ്രേക്ക് ഇട്ട് അതിന്‍റെ പ്രവർത്തനം ഉറപ്പുവരുത്തേണ്ടതുമാണ്. ​മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി കണ്ട് യാത്രകൾ പ്ലാൻ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്ര സുരക്ഷിതമാക്കാം; പാലിക്കേണ്ട നിർദേശങ്ങൾ — Madhyamam |… | Boolokam