1. ചോറ് ചോറുതിന്നുമ്പോള്‍ ടി.വി കാണുകയായിരുന്നു. ആകാശത്തുനിന്ന് ഉല്‍ക്കകള്‍പോലെ പതിക്കുന്ന ബോംബുകള്‍, നിലവിളികള്‍. അടുത്ത ഉരുള വായില്‍ വെച്ചപ്പോള്‍ വായില്‍ അറ്റ ഒരു വിരൽ. അയാള്‍ നിലവിളിയോടെ ടി.വിയിലേക്ക് നോക്കി. ഇപ്പോള്‍ ടി.വി മുഴുവന്‍ ചോരപെയ്യുന്നു! 2. നൊസ്റ്റാള്‍ജിയ മായ്ക്കുമ്പോള്‍ അശാന്തമായ മണലാരണ്യത്തിൽനിന്ന് നാലാമത്തെ വിമാനത്തില്‍ നാട്ടിലെത്തിയപ്പോള്‍ അയാള്‍ എത്രയോ ദിവസങ്ങള്‍ക്കുശേഷം ശാന്തമായ ആകാശം കണ്ടു. പച്ച വയലുകള്‍, മരക്കൊമ്പിലിരുന്ന് പാടുന്ന പക്ഷികള്‍, ജോണ്‍സണ്‍ മാഷിന്റെ പാട്ട്, കട്ടന്‍ചായ! ഒരു മഴ കൂടി വന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതേ ഉള്ളൂ, തൂവാനം പെയ്യുകയായി. ആഹാ, അന്തസ്സ്! ചുറ്റും ഇപ്പോള്‍ ഭൂമിയുടെ കണ്ണീര്‍ സന്തോഷം. അപ്പോഴും അങ്ങ് ദൂരെ തെഹ്റാനിലും ഗസയിലും സുഡാനിലും ഉക്രൈനിലും ഭൂമി നിലവിളിക്കുന്നുണ്ടായിരുന്നു. 3. റാങ്കിങ് നോക്കൂ, നമ്മുടെ ലോക റാങ്കിങ് പുതുക്കി നിശ്ചയിക്കേണ്ട സമയമായി -ആയുധങ്ങള്‍ പരസ്പരം പറഞ്ഞു. ‘മത്സരം തുടങ്ങട്ടെ’ -ആരോ ആജ്ഞാപിച്ചു. അപ്പോള്‍ ശത്രുരാജ്യങ്ങളിലേക്ക് റോക്കറ്റുകള്‍ ഏറെ ആവേശത്തോടെ സഞ്ചരിച്ചു തുടങ്ങി. 4. അരുത്, കുഞ്ഞുങ്ങളാണ്! ബോംബ് എറിയരുത്. അരുത്, കുഞ്ഞുങ്ങളാണ്! റോക്കറ്റ് വിക്ഷേപിക്കരുത്. അരുത്, കുഞ്ഞുങ്ങളാണ്! യുദ്ധ ടാങ്കുകള്‍ പായിക്കരുത്. അരുത്, കുഞ്ഞുങ്ങളാണ്! ശത്രുക്കളെപ്പോലെ നോക്കരുത് അരുത്, കുഞ്ഞുങ്ങളാണ്! കുഞ്ഞുങ്ങളാണവര്‍. ‘മനുഷ്യര്‍’ എന്ന ഒറ്റ മതത്തിലും രാജ്യത്തിലും മാത്രംപെടുന്ന മാലാഖ മുഖമുള്ളവര്‍. 5. യുദ്ധത്തിന്റെ കുട്ടികള്‍ ആന്‍ ഫ്രാങ്ക് ഐലന്‍ കുര്‍ദി കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ യുദ്ധത്തിന്റെ പട്ടികയില്‍ നിറയുകയാണ്. ആ പട്ടികയിലേക്ക് വീണ്ടുമിതാ ഒരു പേരുകൂടി: സമാധാനം! 6. സമാധാനത്തിന്റെ പക്ഷം ‘ഞങ്ങള്‍ സമാധാനത്തിന്റെ പക്ഷത്താണ്’ -ലോകത്തിലെ പ്രമുഖരായ ഭരണാധികാരികള്‍ ഉറക്കെ പ്രഖ്യാപിച്ചു. അവരുടെ കൈകളില്‍ വെള്ളരിപ്രാവുകള്‍ ഉണ്ടായിരുന്നു. കോട്ടിന്റെ പോക്കറ്റില്‍ ഏതുനിമിഷവും പുറത്തെടുത്ത് ഉപയോഗിക്കാവുന്ന തോക്കുകളും.
