തെഹ്റാൻ: വെടിവെച്ചു വീഴ്ത്തിയ എഫ് 15 പോർവിമാനത്തിൽനിന്ന് കാണാതായ പൈലറ്റിനുവേണ്ടിയുള്ള രക്ഷാദൗത്യത്തിനിടെ യു.എസിന് കനത്ത പ്രഹരം ഏൽപ്പിച്ചതായി ഇറാൻ. യു.എസിന്‍റെ സി -130 ട്രാൻസ്പോർട്ട് വിമാനം ഉൾപ്പെടെ തകർത്തെന്നാണ് ഇറാൻ റവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) അവകാശവാദം. ഞായറാഴ്ച രാവിലെ വ്യോമസേന, കരസേന, ബാസിജ്-പൊലീസ് കമാൻഡ് സേന എന്നിവർ നടത്തിയ സംയുക്ത ആക്രമണത്തിലാണ് വലിയ സൈനിക വിമാനമായ സി-130ഉം ഹെലികോപ്ടറുകളും തകർത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം യു.എസിന്‍റെ എഫ് -15 ഇ ഉൾപ്പെടെ രണ്ടു പോർവിമാനങ്ങൾ ഇറാൻ തകർത്തിരുന്നു. എഫ് -15 വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെയും രക്ഷിച്ചതായി ട്രംപ് അറിയിച്ചതിനു പിന്നാലെയാണ് യു.എസിന്‍റെ കൂടുതൽ വിമാനങ്ങൾ തകർത്തെന്ന അവകാശവാദവുമായി ഇറാൻ രംഗത്തുവന്നത്. ഇസ്ഫഹാന് തെക്കുവെച്ച് നടത്തിയ ആക്രമണത്തിൽ സി -130 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളും തകർത്തെന്ന് ഐ.ആർ.ജി.സി സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് വ്യക്തമാക്കി. ഇസ്രയേലിന്‍റെ ഡ്രോണും വെടിവെച്ചുവീഴ്ത്തിയതായി ഇറാൻ അവകാശപ്പെടുന്നു. മണിക്കൂറുകൾ നീണ്ട യു.എസ് സൈന്യത്തിന്‍റെ ധീരമായ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായി കാണാതായ വെപ്പൺസ് സിസ്റ്റം ഓഫിസറെ കണ്ടെത്തി എന്നാണ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വെള്ളിയാഴ്ചയാണ് യു.എസ് യുദ്ധവിമാനം എഫ് 15 ഇ സ്‌ട്രൈക്ക് ഈഗളിനെ ഇറാൻ വെടിവെച്ചുവീഴ്ത്തിയത്. പൈലറ്റും വെപ്പൺസ് സിസ്റ്റം ഓഫിസറുമായിരുന്നു ഈ യുദ്ധവിമാനത്തിലുണ്ടായിരുന്നത്. ഒരാളെ ഉടൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും വെപ്പൺസ് ഓഫിസറെ കാണാതാവുകയായിരുന്നു. രണ്ടു ദിവസമായി സൈനികനെ പിടികൂടാനായി ഇറാനും രക്ഷിക്കാനായി യു.എസും ശ്രമം നടത്തുന്നുണ്ടായിരുന്നു. പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ രക്ഷിക്കാനായത്. ഇദ്ദേഹത്തെ ഇറാന് പുറത്തെത്തിച്ചുവെന്നാണ് വിവരം. ഒറ്റദിവസം കൊണ്ട് യു.എസിന്റെ രണ്ട് ആധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതിലൂടെ ട്രംപിന് അപ്രതീക്ഷിത പ്രഹരമാണ് ഇറാൻ നൽകിയത്. അതേസമയം, ഇറാനിലെ രക്ഷാദൗത്യത്തിനിടെ തകരാറിലായ അമേരിക്കയുടെ രണ്ട് ഗതാഗത വിമാനങ്ങൾ നശിപ്പിക്കാൻ ഉത്തരവിട്ടതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ശത്രുക്കളുടെ കൈയിലെത്തുന്നത് തടയാൻ വേണ്ടിയാണ് വിമാനങ്ങൾ നശിപ്പിച്ചതെന്നാണ് യു.എസ് വാദം. കൂടുതൽ വിമാനങ്ങൾ നഷ്ടമാകുന്നത് യു.എസിന് യുദ്ധത്തിൽ വലിയ തിരിച്ചടിയാണ്. അജയ്യമെന്ന് അറിയപ്പെടുന്ന എഫ് 15-ഇ പോർവിമാനമാണ് ഇറാൻ ആദ്യം വീഴ്ത്തിയത്. ഹുർമുസ് കടലിടുക്കിന് സമീപം ഉയർന്നുപറന്ന യു.എസിന്റെതന്നെ എ-10 വാർതോഗ് വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇതിന്റെ പൈലറ്റ് സ്വയം രക്ഷപ്പെട്ടു. നേരത്തെ, കുവൈത്തിൽ അബദ്ധത്തിൽ യു.എസിന്‍റെ മൂന്നു എഫ് -15 വിമാനങ്ങളും തകർന്നിരുന്നു.

യു.എസിന് കനത്ത പ്രഹരം; രക്ഷാപ്രവർത്തനത്തിനിടെ സി-130 വിമാനമടക്കം തകർത്തെന്ന് ഇറാൻ
M
MadhyamamSource Link
about 1 month ago