യു.എസ് യുദ്ധവിമാനങ്ങൾക്ക് യൂറോപ്പിന്റെ വിലക്ക്; അനുമതി നിഷേധിച്ച് ഇറ്റലിയും ഫ്രാൻസും

യു.എസ് യുദ്ധവിമാനങ്ങൾക്ക് യൂറോപ്പിന്റെ വിലക്ക്; അനുമതി നിഷേധിച്ച് ഇറ്റലിയും ഫ്രാൻസും

M
MadhyamamSource Link
ലണ്ടൻ: പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയിൽ തുടങ്ങി നാളുകൾക്കകം ഇറാനെ സമ്പൂർണമായി തകർത്ത് മടങ്ങാമെന്ന് കൊതിച്ച ട്രംപിനും യു.എസിനും കൂടുതൽ കുരുക്കായി യൂറോപ്പിന്റെ പരസ്യ എതിർപ്പ്. നേരത്തേ സ്പെയിൻ തുടങ്ങിവെച്ച എതിർപ്പാണ് കൂടുതൽ നാറ്റോ അംഗരാജ്യങ്ങൾ ഏറ്റെടുക്കുന്നത്. ഇറാനിലേക്ക് ആയുധങ്ങളുമായി പുറപ്പെട്ട യു.എസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലിയാണ് ഒടുവിൽ ഇറാനെതിരായ യുദ്ധത്തിൽ തങ്ങളില്ലെന്നറിയിച്ചത്. പശ്ചിമേഷ്യയിലേക്കുള്ള വഴിയെ പ്രധാന യു.എസ് ഇടത്താവളവും നാറ്റോ സൈനിക കേന്ദ്രവുമായ സിഗൊണെല്ലയിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറ്റലി അനുമതി നിഷേധിക്കുകയായിരുന്നു. ഇറാനെതിരായ സൈനിക നീക്കം ആരംഭിച്ചതോടെ സിഗൊണെല്ല താവളത്തിൽ അമേരിക്കൻ വിമാനങ്ങൾ കൂടുതലായി ഇറങ്ങുന്നത് ശ്രദ്ധയിൽ പെട്ട പ്രതിപക്ഷം പ്രധാനമന്ത്രി ജോർജിയ മെലോനിക്കുമേൽ സമ്മർദം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മറ്റു രാജ്യങ്ങളിലുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്കും ഇനി ഇറ്റലിയിലെ താവളങ്ങളിൽ ഇറങ്ങാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ ഇറാനിൽ ആക്രമണം തുടരുന്നതിന് പിന്തുണ നൽകില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. ഇറ്റലിയിൽ മാത്രം അമേരിക്കക്ക് ഏഴ് താവളങ്ങളുണ്ട്. സമാനമായി ഫ്രാൻസും അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമപാത അടച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പുറപ്പെട്ട അമേരിക്കൻ യുദ്ധവിമാനങ്ങൾക്കാണ് വ്യോമപാത നിഷേധിച്ചത്. സംഭവത്തിനു പിന്നാലെ ഫ്രാൻസിന് ആയുധങ്ങൾ നൽകുന്നത് നിർത്തുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫ്രാൻസിൽനിന്ന് ഇസ്രായേലും തിരിച്ചും ആയുധങ്ങൾ ഇപ്പോഴും വ്യാപകമായി കൈമാറ്റം നടക്കുന്നുണ്ട്. ലബനാനിലെ ഇസ്രായേൽ സൈനിക നീക്കത്തെ പിന്തുണക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്പെയിനും യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചിരുന്നു. സ്പെയിനിലെ മോറോൺ, റോട്ട താവളങ്ങൾ ഇറാൻ യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രതിരോധ മന്ത്രി മാർഗരീറ്റ റോബ്ൾസ് അറിയിച്ചു. മുമ്പും സമാന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സ്പെയിനിനു മേൽ സമ്പൂർണ വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബി-52, ബി-1 തുടങ്ങിയ അതിമാരക പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങൾ എത്തിക്കാൻ അമേരിക്ക നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെയാണ് യൂറോപ്പിന്റെ ചെക്ക്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എസ് യുദ്ധവിമാനങ്ങൾക്ക് യൂറോപ്പിന്റെ വിലക്ക്; അനുമതി നിഷേ… | Boolokam