യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്വിറ്റ്സർലൻഡ്

യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്വിറ്റ്സർലൻഡ്

M
MadhyamamSource Link
ഫ്രാങ്ക്ഫർട്ട്: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, കടുത്ത നിലപാടുമായി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ്. ഇറാനെതിരായ യുദ്ധത്തിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി സ്വിറ്റ്സർലൻഡ്, യു.എസ് യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു. സ്വിസ് വ്യോമപാത ഉപയോഗിക്കാൻ പലതവണ യു.എസ് അനുമതി തേടിയിരുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പപക്ഷത നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധനീക്കങ്ങൾക്കും സൈനിക നടപടികൾക്കും തങ്ങളുടെ രാജ്യം പിന്തുണ നൽകില്ലെന്ന് നേരത്തെ തന്നെ സ്വിറ്റ്സർലൻഡ് വ്യക്തമാക്കിയിരുന്നു. അതേസമയം, യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത മൂന്നു വിമാനങ്ങൾക്ക് സ്വിറ്റ്സർലൻഡ് വ്യോമപാത തുറന്നുകൊടുത്തു. ഒരു മെയിന്‍റനൻസ് വിമാനത്തിനും രണ്ട് യാത്രാ വിമാനങ്ങൾക്കുമാണ് അനുമതി നൽകിയത്. ‘നിഷ്പക്ഷതാ നിയമം, യുദ്ധത്തിന്‍റെ ഭാഗമായുള്ള സൈനിക ആവശ്യങ്ങൾക്കായുള്ള വ്യോമഗതാഗതം വിലക്കുന്നു. മാനുഷിക, വൈദ്യ ആവശ്യങ്ങൾക്കും പരിക്കേറ്റ വ്യക്തികളെ കൊണ്ടുപോകുന്നതിനും സംഘർഷവുമായി യാതൊരു ബന്ധവുമില്ലാത്ത ആവശ്യങ്ങൾക്കും വ്യോമഗതാഗതം അനുവദിക്കും’ -സ്വിസ് ഭരണകൂടം പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ഹുർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കണമെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അഭ്യർഥനയോട് സഖ്യകക്ഷികൾ അനുകൂലമായല്ല പ്രതികരിച്ചത്. ഹുർമുസ് അടച്ചതോടെ പ്രയാസം നേരിടുന്ന രാജ്യങ്ങൾ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും സുരക്ഷയൊരുക്കാൻ ഈ രാജ്യങ്ങളുമായി ഏകോപനം നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ലഭിക്കുന്ന ലോകരാജ്യങ്ങൾ ആ ചാനൽ സംരക്ഷിക്കണമെന്നും തങ്ങൾ അതിന് സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്വിറ്റ്സർലൻഡ് —… | Boolokam