യു.ഡി.എഫിന്റെ ഉരുക്ക് കോട്ട; എൽ.ഡി.എഫിനും പ്രതീക്ഷ

യു.ഡി.എഫിന്റെ ഉരുക്ക് കോട്ട; എൽ.ഡി.എഫിനും പ്രതീക്ഷ

M
MadhyamamSource Link
ആലുവ: യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണ് ആലുവ. എങ്കിലും എൽ.ഡി.എഫും ഇവിടെ വിജയിച്ച ചരിത്രമുണ്ട്. അതിനാൽ തന്നെ ശക്തമായ പോരിനാണ് എൽ.ഡി.എഫ് ഇക്കുറി കളത്തിലിറങ്ങുന്നത്. മണ്ഡലത്തിൽ പരിചിതനായ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ അൻവർ സാദത്തിനെ നേരിടാൻ സി.പി.എം നേതാവ് അഡ്വ. എ.എം. ആരിഫിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കുന്നത്. പ്രചാരണ രംഗത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ബി.ജെ.പി നോര്‍ത്ത് ജില്ല പ്രസിഡന്റ് എം.എ. ബ്രഹ്‌മരാജാണ് എൻ.ഡി.എ സ്ഥാനാർഥി. എൻ.ഡി.എക്ക് ആലുവ മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ല. അതിനാൽ പ്രചാരണവും തണുത്ത മട്ടിലാണ്. ആലുവ നഗരസഭയും കീഴ്മാട്, എടത്തല, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലം കോൺഗ്രസിന്റെ ഉറച്ച മണ്ണായാണ് അറിയപ്പെടുന്നത്. 1957 ലെ തെരഞ്ഞെടുപ്പിൽ ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ഒ. ബാവയാണ് വിജയിച്ചത്. 1960ൽ വിജയം ആവർത്തിച്ചു. 1965 ൽ കോൺഗ്രസിലെ തന്നെ വി.പി. മരക്കാർ വിജയിച്ചു. ഇടതു സ്‌ഥാനാർഥി പി.എസ്.പിയിലെ പി.കെ. കുഞ്ഞിനെയാണ് അദ്ദേഹം തോൽപിച്ചത്. എന്നാൽ, ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ആർക്കും സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1967 മാർച്ചിലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രൻ എം.കെ.എ. ഹമീദാണ് വിജയിച്ചത്. 1970ൽ എ.എ. കൊച്ചുണ്ണിയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. നിയോജക മണ്ഡലങ്ങളുടെ എണ്ണം 140 ആക്കി ഉയർത്തിയ 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ ടി.എച്ച്. മുസ്തഫ വിജയിച്ചു. 1980 ൽ ആദ്യമായി മത്സരത്തിനിറങ്ങിയ കോൺഗ്രസിലെ കെ. മുഹമ്മദാലി തുടർന്ന് നടന്ന ആറു തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 2006 ൽ സി.പി.എമ്മിലെ എ.എം. യൂസഫിനോടാണ് അദ്ദേഹം ആദ്യം പരാജയപ്പെട്ടത്. 2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ യൂസഫിനെ പരാജയപ്പെടുത്തി യുവ നേതാവ് അൻവർ സാദത്തിലൂടെ കോൺഗ്രസ് മണ്ഡലം കൈയടക്കി. 2016 ലും 2021ലും അൻവർ സാദത്ത് വിജയം ആവർത്തിച്ചു. ആദ്യം ആലുവ നിയോജകമണ്ഡലത്തിൽ ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, തൃക്കാക്കര, കീഴ്മാട്, ചൂർണിക്കര, എടത്തല എന്നീ പ്രദേശങ്ങളാണുണ്ടായിരുന്നത്. പിന്നീട് ഘടന മാറ്റിയപ്പോൾ ആലുവ, കളമശ്ശേരി നഗരസഭകൾ, കീഴ്മാട്, എടത്തല, ചൂർണിക്കര, എലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ എന്നീ പ്രദേശങ്ങൾ മണ്ഡലത്തിന്റെ ഭാഗമായി. 2011 ൽ വീണ്ടും മാറ്റം വന്നു. ഇതുപ്രകാരം നിലവിൽ ആലുവ നഗരസഭയും കീഴ്മാട്, എടത്തല, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളുമാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലുവ നഗരസഭയിലും എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത്. മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കാൻ കഴിഞ്ഞതായി അൻവർ സാദത്ത് എം.എൽ.എ പറയുന്നു. എന്നാൽ, വികസന മുരടിപ്പിന്റെ 15 വർഷങ്ങളാണ് കഴിഞ്ഞുപോയതെന്നാണ് എൽ.ഡി.എഫ് കൺവീനർ എം.എ. അബ്ദുൽ ഖാദർ ആരോപിക്കുന്നത്. 2021 നിയമസഭ വോട്ടുനില അൻവർ സാദത്ത് (കോൺ.) 73703 ഷെൽന നിഷാദ് (സി.പി.എം) 54817 എം.എൻ. ഗോപി (ബി.ജെ.പി) 15893 കെ.എം. ഷെഫ്രിൻ (വെൽഫെയർ പാർട്ടി) 1713 വി.എ. റഷീദ് (എസ്.ഡി.പി.ഐ) 2224 2024 ലോക്‌സഭ വോട്ടുനില ബെന്നി ബെഹനാൻ (കോൺ.) 68204 പ്രഫ. സി. രവീന്ദ്രനാഥ് (എൽ.ഡി.എഫ്) 44283 കെ.എ. ഉണ്ണികൃഷ്ണൻ (എൻ.ഡി.എ) 15414

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫിന്റെ ഉരുക്ക് കോട്ട; എൽ.ഡി.എഫിനും പ്രതീക്ഷ — Madhya… | Boolokam